രാഹുലിന്റെ അയോഗ്യത; പ്രതിഷേധ പരിപാടിയിലേക്ക് ഇടിച്ച് കയറി പ്രവർത്തകർ, സ്റ്റേജ് തകർന്നു
ബിലാസ്പൂർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് പരിപാടിക്കിടെ സ്റ്റേജ് തകർന്ന് വീണു. നേതാക്കളും പ്രവർത്തകരും സ്റ്റേജിൽ തിങ്ങിനിറഞ്ഞതോടെയായിരുന്നു സ്റ്റേജ് നിലംപൊത്തിയത്. സംഭവത്തിൽ രണ്ട് എം എൽ എമാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ടോർച്ച് റാലിക്കിടെയായിരുന്നു അപകടം നടന്നത്.
ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലായിരുന്നു പരിപാടി.'സേവ് ഡെമോക്രസി ടോർച്ച് റാലി' എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഗാന്ധി ചൗക്കിൽ നിന്നായിരുന്നു റാലി ആരംഭിച്ചത്. ദേവകിനന്ദൻ ചൗക്കിലേക്കായിരുന്നു സ്റ്റേജ് ഒരുക്കിയിരുന്നത്. എ ഐ സി സി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ കുമാരി സെൽജയായിരുന്നു റാലി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടത്തിന് പിന്നാലെ അവർ റായ്പൂരിലേക്ക് മടങ്ങിയിരുന്നു.

അതേസമയം മാർച്ച് അവസാനിച്ചതോടെ സ്റ്റേജിലേക്ക് നേതാക്കൾക്കൊപ്പം പ്രവർത്തകരും കൂട്ടത്തോടെ കയറുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേജിൽ ആളുകൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നത് വീഡിയോയിൽ കാണാം. കോൺഗ്രസ് യൂണിറ്റ് അധ്യക്ഷൻ മോഹൻ മാർക്കം, എം എൽ എമാരായ ഷൈലേഷ് പാണ്ഡെ, രശ്മി സിംഗ് എന്നിവർ സ്റ്റേജിൽ ഉണ്ടായിരുന്നു. അപകടത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റിറ്റുണ്ട്. മോഹൻ മാർക്കത്തിന്റെ പരിക്ക് സാരമല്ല. അതേസമയം, മറ്റൊരു നിയമസഭാംഗമായ രശ്മി സിംഗ്, അവരുടെ ഭർത്താവ് ആശിഷ് സിംഗ് താക്കൂർ എന്നിവർക്ക് സാരമായി പരിക്കേറ്റു.












Click it and Unblock the Notifications