യെഡ്ഡിയെ വരിഞ്ഞ് മുറുക്കി വിമതര്‍!! കോര്‍പ്പറേഷന്‍ പദവികള്‍ വേണം: സ്വരം കടുപ്പിച്ചു, മുന്നറിയിപ്പ്
ബെംഗളൂരു: കര്‍ണാടകത്തില്‍ ബിഎസ് യെഡിയൂരപ്പയുടെ ഒരു മാസം നീണ്ട ഏകാംഗ ഭരണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മന്ത്രിസഭ വികസനം നടത്തിയത്. പ്രതിപക്ഷത്തിന്‍റെ ഉള്‍പ്പെടെ ശക്തമമായ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ മന്ത്രിസ്ഥാനം ലഭിക്കാതായ സ്ഥാനമോഹികളായ മുതിര്‍ന്ന നേതാക്കള്‍ നേതൃത്വത്തിനെതിരെ വാളെടുത്തു. തങ്ങളുടെ സീനിയോറിറ്റി പരിഗണിക്കാത്ത യെഡിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഇരിക്കുകയാണ് നേതാക്കളില്‍ പലരും.
അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച വിമത എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതിനാലാണ് കൂടുതല്‍ പേര്‍ തഴയപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ തങ്ങളെ തഴഞ്ഞ് വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയാല്‍ അത് കൂടുതല്‍ പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്ന ഭീഷണി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അതിനിടെ അയോഗ്യതാ നടപടിയില്‍ സുപ്രീം കോടതി വിധി വരുന്നത് വരെ കാത്ത് നില്‍ക്കാതെ തങ്ങള്‍ക്ക് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് വിമതര്‍. വിശദാംശങ്ങള്‍ ഇങ്ങനെ

നട്ടം തിരിഞ്ഞ് യെഡിയൂരപ്പ
സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച 15 പേരില്‍ 12 പേര്‍ക്ക് നേരത്തെ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദമാണ് ബിജെപി നല്‍കിയ വാഗ്ദാനം. അതേസമയം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തേ തന്നെ ബിജെപിയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.ബിജെപിയില്‍ നിന്ന് മാത്രം മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എമാരായ 56 പേരുണ്ടെന്നിരിക്കെ ഇവരെ പരിഗണിക്കാതെ വിമതരെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നതാണ് നേതാക്കളുടെ നിലപാട്.

ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍
ഇതോടെ എല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കാന്‍ സാധിച്ചില്ലേങ്കില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികള്‍ നല്‍കി തൃപ്തിപ്പെടുത്താമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്വന്തം നേതാക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വിമതരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുത്താല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍. അതേസമയം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പദവികളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിമതര്‍.

മടിയെന്തിന്?
10 പേരാണ് നോമിനേഷന്‍ പോസ്റ്റുകള്‍ക്കായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തങ്ങള്‍ അയോഗ്യരാക്കപ്പെട്ടെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളില്‍ നിയമിക്കുന്നതിന് നിയമം തടസ്സമല്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ബിജെപി നേതൃത്വം തങ്ങളുടെ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ വിമര്‍ശനം. ' മുഴുവന്‍ പേരേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്ക് നോമിനേറ്റ് ചെയ്യാന്‍ സാധിക്കും, പക്ഷേ എന്തുകൊണ്ടാണ് ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ മടി കണാക്കുന്നതെന്ന് വ്യക്തമല്ല, അയോഗ്യനാക്കപ്പെട്ട ഒരു എംഎല്‍എ പറഞ്ഞു.

മറുപടിയുമായി ബിജെപി
അയോഗ്യരാക്കപ്പെട്ട 17 പേരില്‍ ആറോ ഏഴോ പേര്‍ക്ക് മന്ത്രി പദം ലഭിച്ചേക്കും. എന്നാല്‍ അയോഗ്യതാ നടപടിയില്‍ സുപ്രീം കോടതിയുടെ വിധി വരേണ്ടതുണ്ടെന്നാണ് ബിജെപി നേതൃത്വം പറയുന്നു. ' അവരുടെ അസ്വസ്ഥതകള്‍ മനസിലാക്കുന്നു. അവരെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്ക് നോമിനേറ്റ് ചെയ്യാം. പക്ഷേ അയോഗ്യത നടപടിയില്‍ സുപ്രീം കോടതി വിധി വരാതെ അത്തരമൊരു തിരുമാനം കൈക്കൊള്ളാന്‍ നേതൃത്വത്തിന് കഴിയില്ല. അയോഗ്യതയില്‍ ഇരിക്കുമ്പോള്‍ അവരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും ബിജെപി നേതാവ് സിപി യോഗേശ്വര്‍ പറഞ്ഞു.

നിയമ തടസമില്ല
അതേസമയം അയോഗ്യതയിലിരിക്കെ നോമിനേറ്റഡ് പദവികളില്‍ നിയമിക്കുന്നതിന് നിയമ തടസം ഇല്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയുടെ പത്താം വകുപ്പ് അനുസരിച്ച് അയോഗ്യ എന്നാല്‍ നിയമസഭ അംഗമായി തുടരാനും മന്ത്രിയായി തുടരാനും സാധിക്കില്ലെന്നാണ്. നോമിനേറ്റഡ് പദവികളില്‍ തുടരുന്നതില്‍ യാതൊരു തടസവും ഇല്ലെന്ന് സുപ്രീം കോടതി അഭിഭാഷകനും ഭരണഘടന വിദഗ്ദനുമായ കെവി ദനഞ്ജയ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.












Click it and Unblock the Notifications