അയോഗ്യനാക്കിയ എംപി ശരദ് യാദവിനോട് സർക്കാർ ബംഗ്ലാവ് ഒഴിയാൻ നിർദേശം
ഡൽഹി; അയോഗ്യനാക്കപ്പെട്ട രാജ്യസഭാ എംപി ശരദ് യാദവിനോട് കൈവശം വച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവ് ഒഴിയാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി. 15 ദിവസത്തിനകം ബം ഗ്ലാവ് ഒഴിയണം എന്നാണ് നിർദേശം. ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് നവിൻ ചൗള എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാരാണ് യാദവിനെതിരെ ഹർജി നൽകിയത്. ജനതാദൾ (യുണൈറ്റഡ്) മുൻ പ്രസിഡന്റ് കൂടിയാണ് ശരദ് യാദവ്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ശരദ് യാദവിനെ 2017ൽ രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കിയതും. പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തതും. പിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. അയോ ഗ്യനാക്കി നാല് വർഷത്തിലേറെയായിട്ടും ഡൽഹി തുഖ്‌ലക് ഏഴാം നമ്പർ റോഡിലെ ബംഗ്ലാവ് ശരദ് കൈവശം വെച്ചിരിക്കുകയായിരുന്നു. 2017 ഡിസംബർ 15-ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് തുടരാൻ താൽപ്പര്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

2018 ജൂണിൽ സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ഭാഗികമായി പരിഷ്ക്കരിച്ചു, അദ്ദേഹത്തിന് തന്റെ ഔദ്യോഗിക വസതി നിലനിർത്താമെന്നും എന്നാൽ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയില്ലെന്നും അന്നത്തെ വിധിയിൽ പറയുന്നു. ഈ വിധിയിലാണ് നിലവിൽ മാറ്റം വന്നിരിക്കുന്നത്. യാദവിന്റെ അയോഗ്യത മാറ്റുന്നത് വരെ, സർക്കാർ വസതി കൈവശം വയ്ക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ഉദ്യോഗസ്ഥർക്ക് അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിന് റെസിഡൻഷ്യൽ അക്കമഡേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു. ആനുകൂല്യങ്ങൾ വ്യക്തിപരമായി ഏതൊരാൾക്കും നൽകുന്നതാണെന്നും അവ ആജീവനാന്തം നൽകുന്നതല്ലെന്നും അതിൽ പറയുന്നു.
"നിങ്ങൾ പാർലമെന്റ് അംഗമായിരിക്കുന്ന കാലം വരെ ആനുകൂല്യങ്ങൾ നൽകും. പാർലമെന്റിന്റെ പരിസരത്ത് താമസിക്കാൻ സൗകര്യം ഒരുക്കുന്നത് പാർലമെന്റ് അം ഗങ്ങൾക്ക് ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ വേണ്ടിയാണ്. നിങ്ങൾ അയോഗ്യരായതിനാൽ നിങ്ങൾക്ക് നിലവിൽ ചുമതലകൾ ഒന്നും തന്നെയില്ല ആയതിനാൽ നിങ്ങൾ പാർലമെന്റിൽ ഹാജരാകേണ്ടതില്ല," യാദവിന്റെ അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. ജെഡിയുവിൽ നിന്ന് ഏഴ് തവണ ലോക്സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും ശരദ് യാദവ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നാണ് യാദവ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications