'മോദിയുടെ ജനപിന്തുണയിലുള്ള അസ്വസ്ഥത';മോദിയെ പിന്തുണച്ച് ഉദ്യോഗസ്ഥരുടെ കത്ത്
ദില്ലി; രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം തടയുന്നതിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിനെതിരെ മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കത്തെഴുതിയതിന് പിന്നാലെ മോദിയെ അനൂകൂലിച്ച് കത്തെഴുതി മറ്റൊരു വിഭാഗം. മോദി സർക്കാർ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കിയതാണ് കത്തെന്ന് ആരോപിച്ചാണ് മുൻ റിട്ട ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ സർക്കാരിനെ അനുകൂലിച്ച് കത്തെഴുതിയിരിക്കുന്നത്.

എട്ട് മുൻ ജഡ്ജിമാരും 97 മുൻ ഉദ്യോഗസ്ഥരും 92 സായുധ സേനയിലെ വിരമിച്ച ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. മുൻ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പെർമോദ് കോഹ്‌ലി, മുൻ വിദേശകാര്യ സെക്രട്ടറിമാരായ കൻവാൾ സിബൽ, ശശാങ്ക്, 2014ൽ ബി ജെ പിയിൽ ചേർന്ന ആർ ആൻഡ് എഡബ്ല്യു മുൻ മേധാവി സഞ്ജീവ് ത്രിപാഠി, മുൻ മഹാരാഷ്ട്ര ഡി ജി പി പ്രവീൺ ദീക്ഷിത്, ഡൽഹി മുൻ പോലീസ് കമ്മീഷണർ ബി എസ് ബസ്സി എന്നിവർ ഇതിലുണ്ട്. കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ പി എൻ രവീന്ദ്രൻ, എൻ ഹരിഹരൻ നായർ, ചിദംബരേഷ് ,മുൻ ഡി ജി പിമാരായ ടി പി സെൻകുമാർ, എം ജി എ രാമൻ, എം എൻ കൃഷ്ണമൂർത്തി എന്നിവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.
'ആശങ്കയുള്ള പൗരന്മാർ' എന്ന വിശേഷണത്തോടെയാണ് കത്ത്. സർക്കാരിനെതിരായ ഉദ്യോഗസ്ഥരുടെ കത്തിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് കത്തിൽ പറയുന്നു.
'സമീപകാല സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കണ്ടത് പോലെ പൊതുജനങ്ങൾ മോദിക്ക് പിന്നിൽ ഉറച്ചു നിൽക്കുന്നതിലെ നിരാശയാണ് ഉദ്യോഗസ്ഥരെ കൊണ്ട് കത്തെഴുതാൻ പ്രേരിപ്പിച്ചത്. മോദി സർക്കാരിനെതിരെ വിദ്വേഷം വളർത്താനാണ് അവർ ശ്രമിക്കുന്നത്. മോദിക്കെതിരെ കത്തെഴുതിയവരാണു വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതെന്നും' കത്തിൽ ആരോപിച്ചു.
ബംഗാളിലെ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് മൗനം പാലിച്ചവരാണ്, അവരാണ് സർക്കാരിനെതിരെ രംഗത്തെത്തിയത്. അക്രമങ്ങളെ കുറിച്ചുള്ള അവരുടെ മൗനം തന്നെ നിലപാടുകളിലെ വ്യക്തത ഇല്ലായ്മയാണ് കാണിക്കുന്നത്. ബി ജെ പി സർക്കാരിന് കീഴിൽ വർഗീയ കലാപങ്ങൾ കുറഞ്ഞിട്ടുണ്ട്, കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മൗനം വെടിയണമെന്നും വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട കൊണ്ടായിരുന്നു വിരമിച്ച 108 സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രി തുറന്ന കത്തെഴുതിയത്. വെറുപ്പിന്റെ രാഷ്ട്രീയത്തിന് അവസാനം കുറിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ലെന്നായിരുന്നു കത്തിൽ പറഞ്ഞത്.












Click it and Unblock the Notifications