അജ്ഞാതഫോണ്‍ ശല്യമായി; യുവതി തൂങ്ങിമരിച്ചു
പാട്യാല: മൊബൈല്‍ ഫോണിലൂടെയുള്ള അജ്ഞാതന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ യുവതി ആത്മഹത്യ ചെയ്തു. പഞ്ചാബ് പാട്യാല സ്വദേശിയും വിവാഹിതയുമായ ഗുര്‍ലീന്‍ കൗര്‍ എന്ന മുപ്പതുകാരിയാണ് ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയോളമായി ഇവരുടെ ഫോണിലേക്ക് നിരവധി കോളുകള്‍ വന്നിരുന്നു എന്നും ഗുര്‍ലീന്‍ ആകെ അസ്വസ്ഥയായിരുന്നു എന്നും ഇവരുടെ ഭര്‍ത്താവ് ഗുര്‍പ്രീത് പറഞ്ഞു. കുട്ടിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് തലവേദനിക്കുന്നു, കുറച്ച് നേരം കിടക്കട്ടെ എന്ന് പറഞ്ഞ് ബെഡ്‌റൂമിലേക്ക് പോയതായിരുന്നു ഇവര്‍.

കുറച്ചുനേരം കഴിഞ്ഞ് മുറിയിലേക്ക് പോയ കുട്ടികള്‍ ഗുര്‍ലീനിനെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഞ്ചും ഏഴും വയസ്സായ മക്കള്‍ക്ക് തങ്ങളുടെ അമ്മ മരിച്ചു എന്ന് മനസിലാക്കാനുള്ള പ്രായം പോലും കുട്ടികള്‍ക്കായിരുന്നില്ല. പുറത്ത് പോയി വന്ന അമ്മൂമ്മയാണ് ഗുര്‍ലീനിനെ തൂങ്ങിമരിച്ചതായി കണ്ട് ആള്‍ക്കാരെ വിളിച്ചുകൂട്ടിയത്.
ത്രിപുരി പോലീസ് സംഭവത്തില്‍ കേസെടുത്തു. ഗുര്‍ലീനിനെ ഫോണ്‍ വിളിച്ച് ഉപദ്രവിച്ച അജ്ഞാതനെ പോലീസ് സംഘം തിരയുകയാണ്. ഇയാളുടെ മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ മറ്റെന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നും പോലീസ് ആരായുന്നുണ്ട്. ഗുര്‍ലീനും ഭര്‍ത്താവുമായി കുടുംബപ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications