നരേന്ദ്ര മോദി സര്‍ക്കാരില്‍ ഭിന്നത?
ദില്ലി: മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ സര്‍ക്കാരിലും ഭിന്നതയോ? കേന്ദ്ര മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന രണ്ട് മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂപം കൊള്ളുന്നതായാണ് സൂചന. നിയമ പരിഷ്‌കരണത്തിന് വേണ്ടിയുള്ള വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധിയുടെ നിര്‍ദേശം നിയമവകുപ്പ് തള്ളിയതായാണ് വിവരം.
ദേശീയ വനിതാ കമ്മീഷനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനായി മനേക ഗാന്ധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. 1990 ലെ ദേശീയ വനിതാ കമ്മീഷന്‍ നിയമത്തില്‍ ഭേദഗതി വേണമെന്നതായിരുന്നു ഇതില്‍ ഒന്ന്. വാറന്റ് അയക്കാനും അറസ്റ്റ് ചെയ്യാനും സമ്മന്‍സ് അയച്ച് ഹാജരായില്ലെങ്കില്‍ പിഴ വിധിക്കാനും കമ്മീഷന് അധികാരം വേണമെന്നും നിയമ വകുപ്പിനോട് വനിതാ - ശിശുക്ഷേമ വകുപ്പ് ആവശ്യപ്പെടുന്നു.

വനിതാ കമ്മീഷന് സിവില്‍ കോടതിക്ക് തുല്യമായ അധികാരം നല്‍കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് പ്രായോഗികമല്ല എന്നാണ് നിയമ വകുപ്പിന്റെ പ്രതികരണം. വനിതാ കമ്മീഷന് ഈ അധികാരങ്ങള്‍ കൊടുത്താല്‍ മറ്റ് കമ്മീഷനുകളും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കും എന്ന് പറഞ്ഞാണ് നിയമവകുപ്പ് മനേക ഗാന്ധിയുടെ നിര്‍ദേശങ്ങളെ എതിര്‍ക്കുന്നത്.
കുടത്തില്‍ നിന്നും ഭൂതത്തെ തുറന്നുവിടുന്നത് പോലെയായിപ്പോകും വനിതാ - ശിശുക്ഷേമ വകുപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊടുക്കുന്നത് എന്നാണ് നിയമ വകുപ്പ് കരുതുന്നത് എന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് സി എന്‍ എന്‍ - ഐ ബി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ വനിതാ കമ്മീഷന് ആവശ്യത്തില്‍ കൂടുതല്‍ അധികാരം നല്‍കുന്നതായിപ്പോകും ഈ നീക്കം.












Click it and Unblock the Notifications