സംഗീതയെ പ്രശംസിച്ച് ദിവ്യ സത്യരാജ്; ചെരിപ്പേറ് കിട്ടിയതില്‍ വിജയ്ക്ക് വിമര്‍ശനം, തമിഴകത്ത് കൊട്ടിക്കലാശം
ഡിഎംകെ IT വിങ് സംസ്ഥാന ഉപാധ്യക്ഷ ദിവ്യ സത്യരാജിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെരുപ്പേറുണ്ടായതായി പരാതി. തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകരാണ് തന്റെ നേർക്ക് ചെരിപ്പുകൾ എറിഞ്ഞതെന്ന് ദിവ്യ ആരോപിച്ചു. രൂക്ഷമായി പ്രതികരിച്ച അവർ, തന്റെ അച്ഛൻ സത്യരാജിനെപ്പോലെ സാമൂഹ്യനീതിയിലും പെരിയാറിന്റെ തത്വങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നതായും വ്യക്തമാക്കി.
നടൻ വിജയ് തന്റെ പാർട്ടി പ്രവർത്തകരെ സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണമെന്നും ദിവ്യ സത്യരാജ് ആവശ്യപ്പെട്ടു. "സ്ത്രീകൾക്ക് അതിനുള്ള യോഗ്യതയുണ്ട്" എന്ന് ഊന്നിപ്പറഞ്ഞ അവർ, വിജയയുടെ ഭാര്യ സംഗീതയെ താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ച സ്ത്രീകളിലൊരാളായി പ്രശംസിക്കുകയും ചെയ്തു. ഓരോ വ്യക്തിക്കും രാഷ്ട്രീയത്തിൽ അവരുടേതായ നിലപാടുകൾ ഉണ്ടാകാമെന്നും അതിൻ്റെ പേരിൽ ആക്രമണങ്ങൾ നടത്തരുതെന്നും ദിവ്യ കൂട്ടിച്ചേർത്തു.

ഇന്നലെ വൈകുന്നേരം ഡിഎംകെയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് തനിക്കെതിരെ ടിവികെ അംഗങ്ങൾ ചെരുപ്പെറിഞ്ഞതെന്ന് ദിവ്യ 'എക്സ്' പേജിൽ കുറിച്ചു. ഭയമുണ്ടായിട്ടും താൻ പ്രസംഗം നിർത്തിയില്ല, ധൈര്യത്തോടെ വളർത്തിയ മാതാപിതാക്കൾക്ക് നന്ദി പറയുന്നു. താനും സഹോദരൻ സിബിയും തമ്മിൽ ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും, തങ്ങൾ വഴക്കിടാറില്ല, സാഹോദര്യത്തോടെയാണ് ജീവിക്കുന്നതെന്നും അവർ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ വ്യാഴാഴ്ചയാണ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കവെയാണ് ദിവ്യയുടെ വിമര്‍ശനം. ഡിഎംകെ, എഐഎഎഡിഎംകെ, ടിവികെ, എന്‍ടികെ എന്നിവരുടെ ചതുഷ്‌കോണ മല്‍സരമാണ് ഇത്തവണ തമിഴ്‌നാട്ടില്‍. രണ്ടിടത്ത് മല്‍സരിക്കുന്ന വിജയ് ജയിക്കുമോ, ടിവികെയുടെ പ്രകടനം എങ്ങനെ എന്നിവയെല്ലാം തിരഞ്ഞെടുപ്പിലെ ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളാണ്.
ആരാണ് ദിവ്യ സത്യരാജ്
പ്രമുഖ പോഷകാഹാര വിദഗ്ദ്ധ എന്ന നിലയിൽ അറിയപ്പെടുന്ന ദിവ്യ സത്യരാജ്, പാവപ്പെട്ട കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ 'മഹിഴ്മതി' എന്ന ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നുണ്ട്. മരുന്ന് കമ്പനികളിലെ ക്രമക്കേടുകളും വ്യാജ മരുന്നുകളും സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതി അവർ സാമൂഹിക ഇടപെടലുകൾ നടത്തിയിരുന്നു.
"രാഷ്ട്രീയം അധികാരമല്ല, സേവനത്തിനുള്ള വേദിയാണ്" എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിക്കുന്ന ദിവ്യക്ക് യുവജനങ്ങൾക്കും സ്ത്രീകൾക്കുമിടയിൽ വലിയ സ്വീകാര്യതയുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം സംസാരിക്കുന്ന അവർ മാധ്യമങ്ങളിലെ നിറസാന്നിധ്യമാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചില്ലെങ്കിലും, ഡിഎംകെയുടെ വിജയത്തിനായി ദിവ്യ സജീവ പ്രചാരണത്തിലാണ്, നിലവിൽ ഡിഎംകെ ഐടി വിങ് ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അവർ നിരന്തരം വിജയിക്കെതിരെ പ്രസ്താവന ഇറക്കുന്ന വ്യക്തി കൂടിയാണ്. വിജയ്-സംഗീത വിവാഹ മോചന വിഷയത്തില്‍ വിജയിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ദിവ്യ. വിജയ്-തൃഷ വിഷയത്തിലും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു ദിവ്യ.












Click it and Unblock the Notifications