വിജയ്‌ക്കെതിരെ ദിവ്യ സത്യരാജ്; 10 ടിവികെ പ്രവര്‍ത്തകരുടെ പേര് പറയാമോ എന്ന് വെല്ലുവിളി
ചെന്നൈ: നടനും ടിവികെ ചെയര്‍മാനുമായ വിജയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ ദിവ്യ സത്യരാജ്. വിജയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുമായോ ജനങ്ങളുമായോ ബന്ധമില്ലെന്ന് ദിവ്യ പരിഹസിച്ചു. യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല വേണ്ടതെന്നും രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുകയാണ് ചേയ്യേണ്ടതെന്നും ദിവ്യ പറയുന്നു. നടന്‍ സത്യരാജിന്റെ മകളാണ് ദിവ്യ സത്യരാജ്.
വിജയ് പങ്കെടുത്ത പരിപാടിക്കിടെ ദുരന്തമുണ്ടായത് ദിവ്യ എടുത്തു പറഞ്ഞു. അതിന്റെ ഉത്തരവാദിത്തം വിജയ് ഏറ്റെടുക്കണം എന്നാണ് ദിവ്യയുടെ നിലപാട്. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എങ്കില്‍ വിജയ്ക്ക് ആദ്യം പാര്‍ട്ടിയുടെ പ്രകടന പത്രിക കാണണം എന്നാണ് സേലത്തെ പരിപാടിയില്‍ പ്രസംഗിച്ചതെന്നും ദിവ്യ വിമര്‍ശിച്ചു.

വിജയിയുടെ സേലത്തെ പ്രസംഗത്തെയും ദിവ്യ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രിക നോക്കിയ ശേഷം ചില കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. പ്രതികരിക്കുന്നതിന് മുന്‍പ് രേഖ പരിശോധിക്കേണ്ടി വരുന്ന നേതാവിന് ജനവിശ്വാസം നഷ്ടപ്പെടുമെന്ന് ദിവ്യ പറഞ്ഞു. രോഗിക്ക് മരുന്ന് നിശ്ചയിക്കാന്‍ പാഠപുസ്തകം നോക്കണമെന്ന് ഡോക്ടര്‍ പറയുന്ന പോലെ ആയി ഇതെന്ന് ദിവ്യ പരിഹസിച്ചു.
ഡിഎംകെയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ദിവ്യ സത്യരാജ്. വിജയിയുടെ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ദിവ്യ ആരോപിച്ചു. അജിത എന്നൊരു പാര്‍ട്ടി പ്രവര്‍ത്തകയുടെ ഉദാഹരണം അവര്‍ ചൂണ്ടിക്കാട്ടി. കുറിപ്പുകള്‍ നോക്കാതെ പത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേര് പറയാന്‍ വിജയിക്ക് കഴിയുമോ എന്നും ദിവ്യ ചോദിച്ചു.
വിജയ് വേദാരണ്യത്ത് മല്‍സരിക്കുമോ?
'വിജയ് സാറിനോടായി ഒരു വെല്ലുവിളി, കടലാസ് നോക്കാതെ 10 പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ നിങ്ങള്‍ക്ക് പറയാമോ? നിങ്ങള്‍ ആ പാര്‍ട്ടിയുടെ നേതാവാണെങ്കില്‍ അവരുടെ പേരുകള്‍ നിങ്ങള്‍ പറയണം,' ദിവ്യ പറഞ്ഞു. ടിവികെ കേഡര്‍മാരോട് വിജയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാനും അവര്‍ ആഹ്വാനം ചെയ്തു. ഇത് നേതാവുമായുള്ള അവരുടെ അടുപ്പം മനസിലാക്കാനാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ദിവ്യ സത്യരാജ് വിജയിയെ വിമര്‍ശിക്കുന്നത് ഇത് ആദ്യമായിട്ടല്ല. തൃഷ കൃഷ്ണനൊപ്പം വിമാനത്തില്‍ യാത്ര ചെയ്‌തെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദിവ്യ വിജയിയെ പരിഹസിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായിരിക്കെയാണ് വിജയിയെ ദിവ്യ രൂക്ഷമായി വിമര്‍ശിക്കുന്നത്. ഇതിനോട് വിജയ് പ്രതികരിച്ചിട്ടില്ല. ദിവ്യയുടെ മുന്‍ പ്രസ്താവനകളോടും വിജയ് പ്രതികരിച്ചിരുന്നില്ല.
അതേസമയം, വിജയ് രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് വാര്‍ത്തകള്‍. നാഗപട്ടണം ജില്ലയിലെ വേദാരണ്യം മണ്ഡലമാണ് ഇതില്‍ ഒന്ന് എന്നും പറയപ്പെടുന്നു. അണ്ണാഡിഎംകെയുടെ നേതാവ് ഒഎസ് മണിയന്‍ ആണ് ഈ മണ്ഡലത്തിലെ എംഎല്‍എ. 2016ല്‍ അദ്ദേഹത്തിന് ഭൂരിപക്ഷം വളരെ കുറവായിരുന്നു. 2021ല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലമാണ് വേദാരണ്യം.












Click it and Unblock the Notifications