ഡികെ രവിയുടെ മരണം: പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സിബിഐ കേസ് പൂട്ടി
ഇവര്‍ക്ക് രവി പല തവണ പണം കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ സി ഐ ഡി അന്വേഷണത്തില്‍ തെളിയാതിരുന്ന കാര്യം ഇതുമാത്രമാണ്.
ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ കോളിളക്കം സൃഷ്ടിച്ച വാണിജ്യ നികുതി അഡീഷണല്‍ കമ്മീഷണര്‍ ഡി കെ രവിയുടെ മരണത്തില്‍ സിബി ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തിജീവിതത്തിലുണ്ടായ താളപ്പിഴകളാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16 നാണ് രവിയെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രവിയുടെ മരണം കൊലപാതകമാണെന്നും അതിനുത്തരവാദികളായവരെ നിയമത്തിനു കീഴില്‍ കൊണ്ടു വരണമെന്നുമാവശ്യപ്പെട്ടുളള ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസിനോട് ബന്ധപ്പെട്ട് കര്‍ണ്ണാടത്തിലെ മലയാളി മന്ത്രി കെ.ജെ ജോര്‍ജ്ജ് ഉള്‍പ്പെടെയുളളവര്‍ സംശയത്തിന്റെ നിഴലിലായതും സംശയം ജനിപ്പിച്ചു. സിബിഐ റിപ്പോര്‍ട്ടു പ്രകാരം രവിയുടെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നതെല്ലാം മുന്‍പ് അന്വേഷണത്തില്‍ തെളിഞ്ഞതുമാണ്..

സഹബാച്ചുകാരി രോഹിണി സിന്ദൂരിയുമായുള്ള ബന്ധം
കര്‍ണ്ണാടക കേഡറിലെ ഐഎ എസ് സഹബാച്ചുകാരിയായിരുന്ന രോഹിണി സിന്ദൂരിയുമായി രവിയ്ക്ക് ബന്ധമുണ്ടായിരുന്നതായി സിബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. രവിയുടെ പെരുമാറ്റം അതിരു കടക്കുന്നു എന്നു മനസ്സിലായ സിന്ദൂരി പിന്‍മാറിയതാണ് രവിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതു തന്നെയാണ് മുന്‍പ് സി ഐഡി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്.

രോഹിണിയില്‍ നിന്ന് പണം വാങ്ങിയിരുന്നു
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേിക്കുന്നതിനായി സിന്ദൂരിയില്‍ നിന്ന് രവി 10 ലക്ഷം രൂപ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇതും മുന്‍പ് വാര്‍ത്തയായതാണ് .

രോഹിണിയ്ക്ക് അയച്ച മേസേജ്
അടുത്ത ജന്മമുണ്ടെങ്കില്‍ നമുക്ക് ഒന്നിച്ചു ജീവിക്കാം എന്നും താന്‍ ഒരു തീരുമാനമെടുക്കുകയാണെന്നുമായിരുന്നു രവി ഒടുവില്‍ സിന്ദൂരിയ്ക്ക് അയച്ച മെസേജില്‍ പറയുന്നത്. ഇത് അന്നേ വാര്‍ത്തയായിരുന്നു.

മസാജ് പാര്‍ലര്‍ ജീവനക്കാരിയായ യുവതി
നഗരത്തിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മസാജ് പാര്‍ലര്‍ ജീവനക്കാരിയുമായി രവിക്കു ബന്ധമുണ്ടായിരുന്നെന്നു സിബി ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് രവി പല തവണ പണം കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തേ സി ഐ ഡി അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന കാര്യം ഇതുമാത്രമാണ്.

രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദം
ഭൂമി ,മണല്‍ ,ഖനന മാഫിയകളുടെ നോട്ടപ്പുള്ളിയായിരുന്ന രവി ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് രവിയുടെ ബന്ധുക്കളും ഭൂരിഭാഗം ജനങ്ങളും. ചില രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടാണ് രവി ആത്മഹത്യ ചെയ്തതെന്ന വാദവും ശക്തമായിരുന്നു.ആ വഴിയ്ക്കു യഥാര്‍ത്ഥ അന്വേഷണം നടന്നില്ലെന്ന ആരോപണവും ജനങ്ങള്‍ക്കിടയിലുണ്ട്. എന്തായാലും സിബി ഐ കേസ് പൂട്ടിയതോടെ ആരോപണ വിധേയരായിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കും മുഖ്യ മന്ത്രി സിദ്ധരാമയ്യക്കും ഇനി തലയുയര്‍ത്തി നടക്കാം..












Click it and Unblock the Notifications