ഡി കെ രവിയുടെ മരണം; സ്ത്രീയുമായി ബന്ധപ്പെടുത്തിയതിനെതിരെ ബിജെപി
ബെംഗളുരു: കര്‍ണാടകത്തിലെ പേരെടുത്ത ഐഎഎസ് ഓഫീസറായിരുന്ന ഡി കെ രവിയുടെ മരണത്തെ ഒരു സ്ത്രീയുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചത് കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വൃത്തികെട്ട കളികളാണെന്ന് ബിജെപി. ഡികെ രവിയുടെ മരണവുമായി ഏതെങ്കിലും സ്ത്രീയ്ക്ക് ബന്ധമില്ലെന്ന സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയുടെ വിമര്‍ശനം.
ഇത്രയും ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ പേര് ചീത്തയാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മന:പൂര്‍വം ശ്രമിച്ചതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുരേഷ് കുമാര്‍ ആരോപിച്ചു. ഒരു സര്‍ക്കാരും ഇത്തരത്തില്‍ വൃത്തികെട്ട കളികള്‍ കളിക്കുവാന്‍ പാടുള്ളതല്ല. പ്രത്യേകിച്ചു ഉദ്യോഗസ്ഥന്റെ മരണശേഷം. ആരാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നഷ്ടപ്പെട്ട പേര് വീണ്ടെടുക്കകയെന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നത് ഡികെ രവി മരണദിവസം 44 തവണ അദ്ദേഹത്തിന്റെ ബാച്ച്‌മേറ്റ് ആയിരുന്ന സ്ത്രീയുമായി സംസാരിച്ചെന്നാണ്. എന്നാല്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത് കേവലം ഒരു തവണമാത്രമാണ് സംസാരിച്ചതെന്നാണ്. ഡികെ രവിയുടെ മരത്തെക്കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചുവിടാനും പേര് ചീത്തയാക്കാനും മനപൂര്‍വം സര്‍ക്കാര്‍ ഉണ്ടാക്കിയതാണ് കള്ളക്കഥയെന്ന് ബിജെപി നേതാവ് ആരോപിച്ചു.
ഡികെ രവിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിതീകരിക്കുന്നതാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിവന്ന റിയല്‍ എസ്‌റ്റേറ്റില്‍ വന്‍ നഷ്ടം നേരിട്ട വിഷമത്തിലാണ് മരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രവിയെ ആരെങ്കിലും കൊന്നതാണെന്നോ, മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായോ സിബിഐ കണ്ടെത്തിയിട്ടില്ല.


Click it and Unblock the Notifications