സോണിയാ ഗാന്ധിക്ക് ഡികെ രവിയുടെ അമ്മയുടെ തുറന്ന കത്ത്
ദില്ലി: ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഐ എ എസ് ഓഫീസര്‍ ഡി കെ രവിയുടെ അമ്മ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതി. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് കത്ത്. നിങ്ങള്‍ക്ക് മാത്രമേ സഹായിക്കാന്‍ കഴിയൂ എന്നും പരസ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ തുറന്ന കത്തില്‍ പറയുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ദില്ലി എഡിഷനിലാണ് ഈ കത്ത് അഥവാ പരസ്യം പ്രത്യക്ഷപ്പെട്ടതെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ചയാണ് ഡി കെ രവിയുടെ അമ്മയും അഭ്യുദയ കാംക്ഷികളും ചേര്‍ന്ന് സോണിയാ ഗാന്ധിക്ക് ഈ കത്ത് പ്രസിദ്ധീകരിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ദില്ലി എഡിഷനില്‍ സാമാന്യം വലുപ്പത്തിലുളള ഈ പരസ്യത്തിന് ലക്ഷങ്ങള്‍ ചെലവ് വരും. ഡി കെ രവിയുടെ അഭ്യുദയ കാംക്ഷികളാകാം ഈ പണം മുടക്കിയതെന്നാണ് കരുതുന്നത്.

മകന്‍ മരിച്ച ദിവസം മുതല്‍ അതിന്റെ പിന്നിലെ യഥാര്‍ഥ കാരണം അറിയണമെന്ന് ആളുകള്‍ ആവശ്യപ്പെടുകയാണെന്ന് കത്തിലുണ്ട്. മകന്റെ സ്വഭാവത്തെക്കുറിച്ച് ആളുകള്‍ പലതും പറഞ്ഞുപരത്തുന്നുണ്ട് എന്ന കാര്യവും കത്തില്‍ പറയുന്നു. അതിനാല്‍ സത്യം എന്ത് എന്ന് ഞങ്ങള്‍ക്ക് അറിയണം. അതേസമയം സി ബി ഐ അന്വേഷണത്തെക്കുറിച്ച് ഒന്നും കത്തിലില്ല എന്ന കാര്യം ശ്രദ്ധേയമാണ്.
അതേസമയം ഡി കെ രവിയുടെ മരണം അന്വേഷിക്കുന്നത് സി ബി ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ഡി കെ രവിയുടെ മരണവുമായി ബന്ധപ്പെട്ട സി ഐ ഡി അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്ന കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. ഇടക്കാല റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും എന്നാണ് അറിയുന്നത്.












Click it and Unblock the Notifications