ബിജെപിയെ അടപടലം പൂട്ടാൻ ഡികെ തന്ത്രം; നേതാക്കൾ മടങ്ങിയെത്തും, മന്ത്രിമാരടക്കം
രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും നേതാക്കൾ പാർട്ടിയിൽ ചേരുക. എം എൽ എമാരെ ഉൾപ്പെടുത്തി റാലി നടത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

ബെംഗളൂരു: 2019 ൽ ബി ജെ പി ഓപ്പറേഷൻ താമര പയറ്റിയായിരുന്നു കർണാടകയിൽ കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാരിനെ താഴെയിറക്കിയത്. അന്ന് ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരായിരുന്നു ബി ജെ പിയിലേക്ക് പോയത്. എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഇവരിൽ ചിലരെ തിരിച്ചെത്തിക്കാനുള്ള തന്ത്രം മെനയുകയാണ് കോൺഗ്രസ്. നിരവധി പേരെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

നാരായണഗൗഡ മടങ്ങി വരവിന് താത്പര്യം പ്രകടിപ്പിച്ചു
മന്ത്രിമാരായ കെ സി നാരായണഗൗഡ, കെ ഗോപാലയ്യ, എസ് ടി സോമശേഖർ എന്നിവരുമായാണ് കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഗോപാലയ്യയും സോമശേഖറും ക്ഷണത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും നാരായണഗൗഡ മടങ്ങി വരവിന് താത്പര്യം പ്രകടിപ്പിച്ചെന്നാണ് സൂചന. 'ഗോപാലയ്യയും സോമശേഖറും കക്ഷിഭേദമന്യേ ജയിക്കുമെന്ന് ഉറപ്പായതിനാൽ അവരേയും മടക്കി കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്', കോൺഗ്രസ് നേതാവ് പറഞ്ഞു.

ബി ജെ പി ടിക്കറ്റിൽ ഇത്തവണ മത്സരിച്ചാൽ
അതേസമയം നാരായണ ഗൗഡ മടങ്ങിയെത്തിയേക്കുമെന്ന് തന്നെയാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ബി ജെ പി ടിക്കറ്റിൽ ഇത്തവണ മത്സരിച്ചാൽ കെ ആർ പേട്ട് മണ്ഡലം നിലനിർത്താൻ ആകുമെന്ന പ്രതീക്ഷ ഗൗഡയ്ക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ആർ പേട്ട് വൊക്കലിഗയ്ക്ക് ആധിപത്യമുള്ള മണ്ഡലമാണ്. ബിജെപിക്ക് അവിടെ സംഘടനാ തലത്തിൽ വലിയ അടിത്തറയില്ല.അതുകൊണ്ട് തന്നെ കോൺഗ്രസിലേക്ക് മാറുന്നത് കാര്യങ്ങൾ സുരക്ഷിതമാക്കുമെന്നും നാരായണ ഗൗഡ കരുതുന്നു. 2018ൽ ജെ ഡി എസ് ടിക്കറ്റിൽ ജയിച്ച നാരായണഗൗഡ 2019 ൽ ബി ജെ പിയിൽ ചേരുകയും ഉപതെരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു..

ഭരണകക്ഷി സ്ഥാനാർത്ഥി എന്ന നിലയിൽ
നാരായണ ഗൗഡ ബി ജെ പി ടിക്കറ്റിൽ ഇത്തവണ വിജയിക്കാൻ സാധ്യത ഇല്ലെന്നാണ് ബി ജെ പി നേതൃത്വവും പറയുന്നത്. ഭരണകക്ഷി സ്ഥാനാർത്ഥി എന്ന നിലയിൽ നാരായണഗൗഡയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ പൊതുതിരഞ്ഞെടുപ്പിൽ ഇനി കാര്യങ്ങൾ അനുകൂലമായേക്കില്ല', ബി ജെ പി വൃത്തങ്ങൾ വ്യക്തമാക്കി.അതേസമയം നാരായണഗൗഡയുടെ പാർട്ടി പ്രവേശനത്തിനെതിരെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ കടുത്ത എതിർപ്പാണ് ഉയർത്തുന്നത്. ഇവരെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടി പ്രവേശം
മന്ത്രി സോമന്നയും ബി ജെ പി വിട്ട് കോൺഗ്രസിലേക്ക് എത്തിയേക്കുമെന്നാണ് അഭ്യൂഹം. അദ്ദേഹം കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുനന്ു. മകന് സീറ്റ് നിഷേധിച്ചത് മുതൽ ബി ജെ പി നേതൃത്വവുമായി അകൽച്ചയിലാണ് സോമന്ന. എന്നാൽ സോമന്നയുടെ വരവ് സംബന്ധിച്ചുള്ള വാർത്തകൾ ഡി കെ ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തള്ളി. അതിനിടെ ജെ ഡി എസിലെ ഗുബ്ബി ശ്രീനിവാസ്, കെ എം ശിവലിംഗ ഗൗഡ, എ ടി രാമസ്വാമി എന്നിവരും കോൺഗ്രസിൽ ചേരാൻ തയ്യാറായി നിൽക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതാക്കളുടെ കാത്തിരിപ്പ്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരിക്കും നേതാക്കൾ പാർട്ടിയിൽ ചേരുക. എം എൽ എമാരെ ഉൾപ്പെടുത്തി റാലി നടത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications