യെഡിയൂരപ്പയുടെ മകനെ പൂട്ടാൻ കോൺഗ്രസിന് വേണ്ടി നടൻ ശിവരാജ് കുമാർ ഇറങ്ങുമോ?, ക്ഷണിച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിൽ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾക്ക് വേഗം പകരുകയാണ് കോൺഗ്രസ്. എന്ത് വിധേനയും കൂടുതൽ സീറ്റുകൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകയാണ് പാർട്ടി നടത്തുന്നത്. ഇതിനായി ശക്തരായ സ്ഥാനാർത്ഥികളെ തേടുകയാണ് നേതൃത്വം. ഇതിനിടയിലിതാ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള വാഗ്ദാനം നൽകിയിരിക്കുകയാണ് കോൺഗ്രസ്. ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാറാണ് താരത്തെ ക്ഷണിച്ചത്.
ബെംഗളൂരിൽ എഡിഗ സമുദായത്തിന്റെ കൺവെൻഷനിൽ വെച്ചായിരുന്നു ഡികെ ശിവകുമാറിന്റെ ക്ഷണം. 'പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാവാൻ ഞാൻ ശിവ രാജ്കുമാറിനോട് പറയുകയായിരുന്നു. എപ്പോൾ വേണമെങ്കിലും സിനിമയിൽ അഭിനയിക്കാം. എന്നാൽ പാർലമെന്റിലേക്ക് മത്സരിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കില്ല. നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയ അത്തരമൊരു അവസരം നഷ്ടപ്പെടുത്തരുത്', എന്ന്. എന്നാൽ സിനിമയാണ് തന്റെ ലോകമെന്നായിരുന്നു ശിവരാജ് കുമാറിന്റെ മറുപടി.

'അഭിനയിച്ച് നിങ്ങളെയെല്ലാം സന്തോഷിപ്പിക്കുകയെന്നതാണ് അച്ഛൻ എനിക്ക് നൽകിയ സമ്മാനം. അവിടെയാണ് എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നത്. ഞാൻ നിങ്ങളോടൊപ്പം നിന്ന് അഭിനയിക്കും. രാഷ്ട്രീയത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നിരവധി നേതാക്കൾ നമ്മുക്കുണ്ട്', ശിവരാജ് പറഞ്ഞു. രാഷ്ട്രീയ രംഗത്തേക്ക് കടക്കാൻ ഭാര്യയോ ഭാര്യാസഹോദരനും വിദ്യാഭ്യാസ മന്ത്രിയുമായ മധു ബംഗാരപ്പയോ തന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ശിവരാജ് കുമാർ വ്യക്തമാക്കി.
ഭാര്യയും മുൻ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു അവർ കോൺഗ്രസിൽ ചേർന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവമൊഗ്ഗയിൽ ജനതാദൾ എസ് സ്ഥാനാർഥിയായിരുന്നു ഗീത. എന്നാൽ കനത്ത പരാജയം രുചിക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഗീത കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ശിവരാജ് കുമാറും പാർട്ടിയുടെ പ്രചരണങ്ങളിൽ സജീവമായിരുന്നു. ശിവരാജിനെ പോലൊരു നേതാവിനെ മത്സരിപ്പിക്കുന്നത് തിരഞ്ഞെടുപ്പിൽ കൂടുതൽ ഗുണം ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനുള്ള കോൺഗ്രസ് ഓഫർ. ശിവരാജ് എത്തുകയാണെങ്കിൽ ശിവമൊഗ്ഗയിൽ സിറ്റിങ് എം പിയും ബി ജെ പി മുൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ മകനുമായ ബി വൈ രാഘവേന്ദ്രയ്ക്ക് എതിരെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം.












Click it and Unblock the Notifications