മന്ത്രിസഭാ പുനസംഘടനയില്‍ കൈപൊള്ളി ഡികെ, കോൺഗ്രസിൽ അതൃപ്തി പുകയുന്നു, പിന്നാലെ രാജി
ബെംഗളൂരു: കര്‍ണാടകയിലെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുളള മന്ത്രിസഭാ പുനസംഘടനയില്‍ അതൃപ്തി പുകയുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അതൃപ്തിയാണ്. രാജിയും രാജിഭീഷണികളും ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞു.
മൂന്ന് തവണ എംഎല്‍എയായിരുന്ന യശ്വന്ത്രായ ഗൗഡ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. നാല് പതിറ്റാണ്ടുകളായി രാഷ്ട്രീയ രംഗത്തുളള ആളാണ് താനെന്നും മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തത് വേദനിപ്പിച്ചു എന്നുമാണ് രാജിയെ കുറിച്ച് പാട്ടീലിന്റെ പ്രതികരണം. അതേസമയം കോണ്‍ഗ്രസ് വിടുമോ എന്നത് പാട്ടീല്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം മറ്റൊരു എംഎല്‍എയായ ബേലൂര്‍ ഗോപാലകൃഷ്ണ രാജിഭീഷണി മുഴക്കി. എംഎല്‍എ സ്ഥാനം മാത്രമല്ല സ്റ്റേറ്റ് ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജി വെയ്ക്കുമെന്ന് ഗോപാലകൃഷ്ണ പറയുന്നു. മന്ത്രിമാരുടേയും മുഖ്യമന്ത്രിമാരുടേയും മക്കളായാല്‍ മാത്രമേ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയുളളൂ എന്നും പാര്‍ട്ടിക്കെതിരെ ഗോപാലകൃഷ്ണ തുറന്നടിച്ചു.
2004ലും 2005ലും ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് ഗോപാല്‍കൃഷ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ഗോപാല്‍കൃഷ്ണ ബിജെപി വിട്ട് ജെഡിഎസിലെത്തി. സാഗര്‍ സീറ്റില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2018ലാണ് ഗോപാല്‍കൃഷ്ണ കോണ്‍ഗ്രസില്‍ ചേരുന്നത്.
സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ അധികാരത്തിലേറിയത്. അന്ന് മുഖ്യമന്ത്രിക്കൊപ്പം 13 മന്ത്രിമാര്‍ മാത്രമായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പുതിയ 20 മന്ത്രിമാരില്‍ 9 പേര്‍ പുതുമുഖങ്ങളാണ്.
മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സിദ്ധരാമയ്യ ക്യാമ്പിനാണ് മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. നിലവിലുളള 33 മന്ത്രിമാരില്‍ 21 പേരും സിദ്ധരാമയ്യ സര്‍ക്കാരില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ്. 3 ആഴ്ചകളോളം ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിസഭാ പുനസംഘടന നടന്നത്. മന്ത്രിസ്ഥാനം ലഭിക്കാതെ പോയ നേതാക്കളുടെ അണികള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.


Click it and Unblock the Notifications