ഡികെ ശിവകുമാര്‍ വീണ്ടും മല്‍സരിക്കും; എംഎല്‍എ ആയിരിക്കെ രണ്ടാം പോരാട്ടം, 2 ലക്ഷ്യങ്ങള്‍
ബെംഗളൂരു: കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നു. നിലവില്‍ കനകപുര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ അദ്ദേഹം ചന്നപട്‌ന മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ് പ്രധാന ചര്‍ച്ച.
വൊക്കലിഗ സമുദായത്തിന് വലിയ സ്വാധീനമുള്ള ജില്ലയാണ് രാമനഗര. ഇവിടെയാണ് ചന്നപട്‌ന നിയമസഭാ മണ്ഡലം. ഈ ജില്ലയിലെ രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളത് എച്ച്ഡി കുമാരസ്വാമിക്കും കുടുംബത്തിനുമാണ്. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് കുമാരസ്വാമി. അതേ സമുദായ അംഗമാണ് ഡികെ ശിവകുമാറും. ചന്നപട്‌ന മണ്ഡലത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം.

ചന്നപട്‌ന നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു എച്ച്ഡി കുമാരസ്വാമി. ഇദ്ദേഹം മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് ജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചന്നപട്‌ന നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത്. കോണ്‍ഗ്രസ് ഈ മണ്ഡലം പിടിക്കാനുള്ള പദ്ധതിയിടുന്നതിന്റെ ഭാഗം കൂടിയാണ് ഡികെയുടെ വരവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് മല്‍സരിച്ചിരുന്നു. ബിജെപിയുടെ സിഎന്‍ മഞ്ജുനാഥിനോട് അദ്ദേഹം തോറ്റു. ചന്നപട്‌നയിലെ ഉപതിരഞ്ഞെടുപ്പില്‍ ഡികെ സുരേഷ് മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. ഇതിനിടെയാണ് ഡികെ ശിവകുമാറിന്റെ വരവ്.
ഡികെ സുരേഷിനെ പരാജയപ്പെടുത്തിയത് കുമാരസ്വാമിയുടെ തന്ത്രങ്ങളാണ് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മണ്ഡലം എന്തുവില കൊടുത്തും പിടിക്കണമെന്ന് ഡികെ ശിവകുമാര്‍ തീരുമാനിച്ചിട്ടുണ്ടത്രെ. ഇതാണ് പ്രതിനിധികളെ നിശ്ചയിക്കുന്നതിന് പകരം നേരിട്ട് ഡികെ ശിവകുമാര്‍ കളത്തിലിറങ്ങാന്‍ കാരണമെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിജെപിയും ജെഡിഎസും നിലവില്‍ സഖ്യകക്ഷികളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യമാണ് ജനവിധി തേടിയത്. വരും തിരഞ്ഞെടുപ്പുകളിലും സഖ്യം തുടരുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ചന്നപട്‌നയില്‍ ഇവരുടെ സ്ഥാനാര്‍ഥിയായി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി, എംഎല്‍സി സിപി യോഗേശ്വര എന്നിവരുടെ പേരാണ് ചര്‍ച്ചയിലുള്ളത്.
കുമാരസ്വാമിയുടെ പ്രതിനിധിയെ പരാജയപ്പെടുത്തി രാമനഗര ജില്ലയിലെ സ്വാധീനം ശക്തിപ്പെടുത്തണമെന്നാണ് ഡികെ സഹോദരന്മാരുടെ തീരുമാനം. 2018ലും 2023ലും ചന്നപട്‌നയില്‍ നിന്ന് ജയിച്ചത് കുമാരസ്വാമിയാണ്. അതിന് മുമ്പ് യോഗേശ്വരയും. ചന്നപട്‌ന മണ്ഡലത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം തുടരുകയാണ് ഡികെ ശിവകുമാര്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന്, വോട്ടര്‍മാരുടെ പ്രതികരണം മനസിലാക്കിയ ശേഷം അടുത്ത ചുവട് വയ്ക്കുമെന്നാണ് ഡികെ പ്രതികരിച്ചത്. ചന്നപട്‌നയില്‍ ഡികെ ശിവകുമാര്‍ ജയിച്ചാല്‍ കനകപുരയില്‍ ഡികെ സുരേഷിനെ മല്‍സരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications