ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയ്ക്ക് വിവാഹം; ചടങ്ങുകള്‍ കുറച്ചു, അടുത്ത ബന്ധുക്കള്‍ മാത്രം
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം നാളെ. കോഫിഡെ സ്ഥാപകന്‍ സിദ്ധാര്‍ഥ് ഹെഗ്‌ഡെയുടെ മകന്‍ അമര്‍ത്യ ആണ് വരന്‍. മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയുടെ മകളുടെ മകന്‍ കൂടിയാണ് അമര്‍ത്യ. കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എസ്എം കൃഷ്ണ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു എങ്കിലും അത്ര സജീവമല്ല. കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയാണ് എസ്എം കൃഷ്ണ.

ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിലാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. വലിയ പരിപാടിയായി നടത്താന്‍ നേരത്തെ ഡികെ ശിവകുമാര്‍ പദ്ധതിയിട്ടിരുന്നു എങ്കിലും കൊറോണയെ തുടര്‍ന്നുള്ള സാഹചര്യം കാരണം ചടങ്ങുകള്‍ ലളിതമക്കുകയായിരുന്നു.
കോഫി ഡെ സ്ഥാപകന്‍ സിദ്ധാര്‍ഥ് ഹെഗ്‌ഡെയുമായി അടുത്ത ബന്ധമായിരുന്നു ഡികെ ശിവകുമാറിന്റെ കുടുംബത്തിന്. സിദ്ധാര്‍ഥ് മരിക്കുന്നതിന് മുമ്പ് തന്നെ ഈ വിവാഹം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. പിതാവിന്റെ മരണ ശേഷം അമര്‍ത്യ ആണ് ബിസിനസുകള്‍ നോക്കിനടത്തുന്നത്. ഡികെ ശിവകുമാര്‍ തുടങ്ങിയ ഗ്ലോബല്‍ അക്കാദമി ടെക്‌നോളജി എന്‍ജിനിയറിങ് കോളജ് നടത്തുന്ന ഐശ്വര്യയാണ്.
വിവാഹം പാലസ് ഗ്രൗണ്ടില്‍ നടത്തണമെന്നാണ് നേരത്തെ ശിവകുമാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് താജ് ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സിദ്ധാര്‍ഥ മരിച്ചത്. ഒരു വര്‍ഷം കഴിഞ്ഞതിന് ശേഷം ഇക്കഴിഞ്ഞ ജൂണില്‍ വിവാഹത്തിന്റെ ആദ്യ ചടങ്ങുകള്‍ നടന്നു. കുറച്ചുകൂടി കഴിഞ്ഞ് വിവാഹം നടത്താമെന്ന് അമര്‍ത്യ ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications