ഡികെ ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണം: കർണാടകയില്‍ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപം
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കർണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലാപമായി മാറുന്നു. സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് മുഖ്യമന്ത്രി കസേര നല്‍കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം. ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുന്ന പത്തോളം എം എല്‍ എമാർ തങ്ങളുടെ ആവശ്യം ഹൈക്കമാന്‍ഡിനെ നേരില്‍ കണ്ട് അറിയിക്കുന്നതിനായി ഡല്‍ഹിയില്‍ എത്തിയിട്ടുമുണ്ട്.
രണ്ടര വർഷം പൂർത്തിയായ സർക്കാരിന്റെ ഭരണത്തിലെ സ്ഥാനമാറ്റ കരാർ പാലിക്കണമെന്നാണ് ഡികെ പക്ഷക്കാരുടെ ആവശ്യം. 2023-ലെ വിജയത്തിന് ശേഷം സിദ്ദരാമയ്യയും ശിവകുമാറും തമ്മിലുള്ള അധികാരം വീതംവെയ്പ്പ് കരാർ പ്രകാരമുള്ള പകുതി കാലാവധി അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡികെ പക്ഷം തങ്ങളുടെ നിലപാട് ശക്തമാക്കിയിരിക്കുന്നത്.

ശിവകുമാറിന്റെ ഏറ്റവും വിശ്വസ്ഥരായ എം എൽ എമാരാണ് എ ഐ സി സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ നേരില്‍ കാണാന്‍ ഡൽഹിയില്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കൂടുതൽ എം എൽ എമാർ കർണാടകയില്‍ നിന്നും ഡൽഹിയില്‍ എത്തുമെന്നും സ്രോതസ്സുകൾ പറയുന്നു. ഡികെ പക്ഷത്തിന്‍റെ ഈ നീക്കം കർണാടക സർക്കാരിന്റെ സ്ഥിരതയെ ബാധിക്കുമോ എന്ന ആശങ്കയും പാർട്ടിക്കുള്ളിൽ ശക്തമായി കഴിഞ്ഞു.
ദിനേഷ് ഗൂളിഗൗഡ, രവി ഗണിഗ, ഗുബ്ബി വാസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. നെകൽ ശിവന്ന, നെലമംഗള സ്രീനിവാസ്, ഇഖ്ബാൽ ഹുസൈൻ, കുനിഗൽ രംഗനാഥ്, ശിവഗങ്ങ ബസവരാജു, ബാലകൃഷ്ണ എന്നിവർ വെള്ളിയാഴ്ച എത്തിയേക്കും. മന്ത്രി എൻ. ചാലുവരായസ്വാമി, എം എൽ എമാരായ എച്ച് സി ബാലകൃഷ്ണ, എസ് ആർ സ്രീനിവാസ്, ടി ഡി രാജേഗൗഡ എന്നിവർ നേരത്തെ തന്നെ ഡൽഹിയിലുണ്ട്.
"ഞാൻ എന്തിനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്? സ്വർണമോ വെള്ളിയോ ആവശ്യപ്പെടാനാണോ? അല്ല. ഡി.കെ. ശിവകുമാറിന് വേണ്ടി പോകുന്നു." കടുത്ത ഡികെ അനുയായി ആയ ഇഖ്ബാൽ ഹുസൈന്‍ എം എല്‍ എ പറയുന്നു. 100 എം എൽ എമാർ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ഹുസൈൻ, ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുമെന്നും വ്യക്തമാക്കി.
2023 മെയ് 20-ന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർപ്പൻ വിജയത്തിന് ശേഷം സിദ്ദരാമയ്യയും ശിവകുമാറും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്ടമായ മത്സരമായിരുന്നു നടത്തിയത്. ഒടുവില്‍ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ ഇടപെടലിൽ സിദ്ദരാമയ്യയെ മുഖ്യമന്ത്രിയും ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയുമാക്കി. അതോടൊപ്പം തന്നെ 2.5 വർഷം കഴിഞ്ഞിട്ട് മുഖ്യമന്ത്രി സ്ഥാനം കൈമാറാമെന്ന ധാരണ ഉണ്ടായിരുന്നതായും അന്ന് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications