Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരടുവലി ശക്തമാക്കി ടീം ഡികെ, മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ചയില്ലെന്ന് സിദ്ധരാമയ്യ, എല്ലാം തള്ളി കോണ്‍ഗ്രസും

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ പുനസംഘടന എന്ന പേരില്‍ ഉയരുന്ന ചര്‍ച്ചകള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തെ കാണാന്‍ ന്യൂഡല്‍ഹിയിലേക്ക് പോയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കര്‍ണാടക കോണ്‍ഗ്രസിലും സര്‍ക്കാരിലും അധികാര തര്‍ക്കം രൂക്ഷമാകുന്നത്. സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ 'റൊട്ടേഷന്‍ മുഖ്യമന്ത്രി ഫോര്‍മുല' അടിസ്ഥാനമാക്കിയുള്ള ഒരു കരാര്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല.

DK Shivakumar

'രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ കഴിയുമെന്ന് പറഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രിയെ മാറ്റുന്ന വിഷയം ഉയര്‍ന്നുവന്നത്. മന്ത്രിസഭ പുനഃസംഘടനയില്‍ പാര്‍ട്ടി നേതാക്കള്‍ ആണ് തീരുമാനമെടുക്കേണ്ടത്്' സിദ്ധരാമയ്യപറഞ്ഞു. ചാമരാജനഗര്‍ സന്ദര്‍ശന വേളയില്‍, തന്റെ അധികാരം 'സുരക്ഷിതമാണ്' എന്നും സിദ്ധരാമയ്യ പറഞ്ഞു, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കോണ്‍ഗ്രസും ഔദ്യോഗികമായി വിരാമമിട്ടു. ശിവകുമാറിന്റെ വിശ്വസ്തരായ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു സംഘം വ്യാഴാഴ്ച പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയാണ് സംസ്ഥാനത്ത് നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്. എന്നാല്‍ കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു.

നേതൃത്വ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രചരിപ്പിക്കുന്ന അജണ്ടയില്‍ വീഴുകയോ ചെയ്യരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേതൃത്വമാറ്റം സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മാത്രമേ എടുക്കൂ എന്ന് സിദ്ധരാമയ്യയും പിന്നാലെ ആവര്‍ത്തിച്ചു. മന്ത്രിസഭാ പുനഃസംഘടന മാത്രമേ പരിഗണനയിലുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ആകെ 34 മന്ത്രി സ്ഥാനങ്ങളുണ്ട്, അതില്‍ രണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. മന്ത്രിസഭ പുനഃസംഘടനയ്ക്കിടെ ഈ ഒഴിവുള്ള മന്ത്രി സ്ഥാനങ്ങള്‍ നികത്തും എന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ നേതൃമാറ്റത്തെക്കുറിച്ചുള്ള പതിവ് ചര്‍ച്ചകള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തും എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ സിദ്ധരാമയ്യ പറഞ്ഞതായി കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്തി അത് പരിഹരിക്കുമെന്ന് ഖാര്‍ഗെ സിദ്ധരാമയ്യയ്ക്ക് ഉറപ്പ് നല്‍കി. ശനിയാഴ്ച മൈസൂരുവില്‍ വെച്ച് സിദ്ധരാമയ്യ ഖാര്‍ഗെയെ കാണും. ഇന്നലെയാണ് ശിവകുമാര്‍ അനുയായികളായ എംഎല്‍എമാര്‍ ഖാര്‍ഗെയെ കണ്ടത്.

ഗുബ്ബി എംഎല്‍എ ശ്രീനിവാസ്, ശൃംഗേരി എംഎല്‍എ ടി ഡി രാജഗൗഡ, കുനിഗല്‍ എംഎല്‍എ എച്ച് ഡി രംഗനാഥ്, ആനേക്കല്‍ എംഎല്‍എ ബി ശിവണ്ണ, കുടച്ചി എംഎല്‍എ മഹേന്ദ്ര കല്ലപ്പ തമ്മണ്ണവര്‍, ഹൊസ്‌കോട്ട് എംഎല്‍എ ശരത് ബച്ചെ ഗൗഡ, നെലമംഗല എംഎല്‍എ എന്‍. ശ്രീനിവാസ്, മാണ്ഡ്യ എംഎല്‍എ രവികുമാര്‍ ഗൗഡ എന്നിവര്‍ വ്യാഴാഴ്ച രാത്രിയാണ് ഖാര്‍ഗെയെ കണ്ടത്.

അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരായ ജിഎസ് പാട്ടീലും പാര്‍ട്ടി നേതാവ് മാളികയ്യ ഗുട്ടേദാറും ബെംഗളൂരുവിലെ വസതിയില്‍ എത്തി ശിവകുമാറിനെ കണ്ടു. മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിമാരാകാനുള്ള ശ്രമത്തിലാണ് ചില എംഎല്‍എമാര്‍ ഖാര്‍ഗെയെ കണ്ടതെന്ന് ശിവകുമാര്‍ പറഞ്ഞു.

'ഒരു ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് എന്റെ രക്തത്തില്‍ അലിഞ്ഞിട്ടില്ല. 140 എംഎല്‍എമാരും എന്റെ എംഎല്‍എമാരാണ്. സര്‍ക്കാരും മന്ത്രിസഭയും പുനഃസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. അതിനാല്‍, അവരെല്ലാം മന്ത്രിമാരാകാന്‍ താല്‍പ്പര്യമുള്ളവരാണ്. അവര്‍ ഡല്‍ഹിയിലെ നേതാക്കളെ കാണാന്‍ പോകുന്നത് സ്വാഭാവികമാണ്. അതല്ലാതെ, എനിക്ക് എന്ത് പറയാന്‍ കഴിയും?,' അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+