വിജയിയെ തടയാന്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യം? ബിജെപി പുറത്ത്, കോണ്‍ഗ്രസ് അകത്ത്; വന്‍ ട്വിസ്റ്റ്!
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിട്ടില്ലാത്ത തമിഴ്‌നാട് നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ടിവികെയ്ക്ക് പിന്നാലെ ഡിഎംകെയും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍, ആകെയുള്ള 234 സീറ്റുകളില്‍ 108 സീറ്റുകള്‍ ആണ് ടിവികെ നേടിയത്. കേവലഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ഡിഎംകെ 59 ഉം എഐഎഡിഎംകെ 47 സീറ്റുകളും നേടിയിരുന്നു. ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് ഇന്ന് സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വിജയ് രണ്ട് സീറ്റില്‍ മത്സരിച്ചതിനാല്‍ ഫലത്തില്‍ ടിവികെയ്ക്ക് 107 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ അഞ്ച് കൂടി ചേരുമ്പോള്‍ 112 എംഎല്‍എമാരുടെ പിന്തുണയേ ആകുന്നുള്ളൂ. ഡിഎംകെ സഖ്യത്തില്‍ നിന്ന് മത്സരിച്ച മുസ്ലീം ലീഗ്, സിപിഎം, സിപിഐ എന്നീ കക്ഷികള്‍ക്ക് രണ്ട് വീതം എംഎല്‍എമാരുണ്ട്. ഇതില്‍ മുസ്ലീം ലീഗ് ഡിഎംകെയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇടത് പാര്‍ട്ടികള്‍ മേയ് 8 ന് തീരുമാനം അറിയിക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേവലഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച വിജയിയോട് 118 പേരുടെ പിന്തുണ തെളിയിക്കണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ നീക്കങ്ങളും നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ബദ്ധശത്രുക്കള്‍ ഒന്നാകുന്നു
ടിവികെയേയും വിജയിയേയും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയുന്നതിനായി ഡിഎംകെ ഇപ്പോള്‍ നീക്കം നടത്തുന്നതായാണ് വിവരം. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ നേടുന്നതില്‍ ഗവര്‍ണറുടെ മുന്നില്‍ ടിവികെ പരാജയപ്പെട്ടതോടെ ഡിഎംകെയും എഐഎഡിഎംകെയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ രണ്ട് ബദ്ധവൈരികളും ഇപ്പോള്‍ പിന്‍വാതില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിഎംകെയും എഐഎഡിഎംകെയും സഖ്യം രൂപീകരിച്ചാലും കേവല ഭൂരിപക്ഷ സംഖ്യയിലെത്തുക എന്ന വെല്ലുവിളി അവരും നേരിടും. ഇരുവര്‍ക്കും ഒരുമിച്ച് 106 എംഎല്‍എമാര്‍ ആണ് ഉണ്ടാകും.
ഡിഎംകെയുടെ സഖ്യകക്ഷിയായ വിസികെ, സിപിഎം, സിപിഐ, മുസ്ലീം ലീഗ്, ഡിഎംഡികെ എന്നിവര്‍ക്കാകെ ഒമ്പത് എംഎല്‍എമാരുണ്ട്. അങ്ങനെ വരുമ്പോള്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് 115 പേരുടെ പിന്തുണ കിട്ടും. എഐഎഡിഎംകെ സഖ്യത്തില്‍ ബിജെപിക്ക് 1, പിഎംകെ 4, എഎംഎംകെ 1 എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി ബാന്ധവം ഉപേക്ഷിക്കാന്‍ എഐഎഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.
അങ്ങനെ വന്നാല്‍ ബിജെപിയുടെ ഒരു സീറ്റ് മാറ്റി നിര്‍ത്തി 120 പേരുടെ പിന്തുണ ഡിഎംകെ-എഐഎഡിഎംകെ സഖ്യത്തിന് ലഭിക്കും. ബിജെപി ബന്ധം ഉപേക്ഷിച്ചുള്ള സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെ കൂടി തിരികെ വിളിച്ചാല്‍ അംഗസഖ്യ 125 ആയി ഉയരും. അങ്ങനെ വന്നാല്‍ വിജയിയുടെ കൈകളില്‍ നിന്ന് അധികാരം വഴുതിപ്പോകും. അതേസമയം ഡിഎംകെ, എഐഎഡിഎംകെ നേതാക്കളാരും ഈ റിപ്പോര്‍ട്ടിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications