കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, എസ്ഡിപിഐ മല്‍സരിക്കും; ഡിഎംകെ സീറ്റ് വിഭജനം ഇങ്ങനെ
ചെന്നൈ: ഏപ്രിൽ 23-ന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സഖ്യം 234 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം തവണയും അധികാരം നിലനിർത്താനാണ് ഡിഎംകെയുടെ ശ്രമം. ഭരണം തിരിച്ചുപിടിക്കാൻ എഐഎഡിഎംകെയും സജീവമാണ്. കൂടാതെ, നാം തമിഴർ കക്ഷിയും തമിഴക വെട്രി കഴകവും ശക്തമായി രംഗത്തുണ്ട്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ ആകെ 21 പാർട്ടികളാണ് അണിനിരക്കുന്നത്. ഡിഎംകെ, കോൺഗ്രസ്, ഡിഎംഡികെ, എംഡിഎംകെ, സിപിഐ, സിപിഎം, വിടുതലൈ സിരുതൈകൾ കക്ഷി, മുസ്‌ലിം ലീഗ്, മനീതനെയ മക്കൾ കക്ഷി, മക്കൾ നീതി മയ്യം, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, എസ്ഡിപിഐ തുടങ്ങി പ്രമുഖ കക്ഷികളും മറ്റ് ചെറു പാർട്ടികളും ഈ സഖ്യത്തിൽ ഉൾപ്പെടുന്നു.

എല്ലാ കക്ഷികളുമായുള്ള ചർച്ചകൾക്കൊടുവിൽ 234 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റ് വിഭജനം പൂർത്തിയായി. ഓരോ കക്ഷികൾക്കും എത്ര മണ്ഡലങ്ങൾ ലഭിച്ചുവെന്ന് അറിയാം. ഡിഎംകെയ്ക്ക് 164 സീറ്റുകൾ, കോൺഗ്രസിന് 28 സീറ്റുകൾ, ഡിഎംഡികെക്ക് 10 സീറ്റുകൾ, വിടുതലൈ സിരുതൈകൾ കക്ഷിക്ക് 8 സീറ്റുകൾ, സിപിഎം-സിപിഐ 5 സീറ്റുകൾ വീതം, എംഡിഎംകെയ്ക്ക് 4 സീറ്റുകൾ എന്നിങ്ങനെയാണ് പ്രമുഖ പാർട്ടികൾക്കുള്ള സീറ്റ് വിഭജനം.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനും മനീതനെയ മക്കൾ പാർട്ടി, കൊങ്കുനാട് മക്കൾ ദേശീയ പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം ലഭിച്ചു. മനീതനെയ ജനാധിപത്യ കക്ഷി, എസ്ഡിപിഐ, മുക്കുലത്തൂർ പുലിപ്പടൈ, തമിഴർ ദേശം കക്ഷി എന്നിവർക്ക് ഒരു സീറ്റ് വീതം നൽകി. ഇതോടെ, സഖ്യത്തിന്റെ 234 മണ്ഡലങ്ങളിലെയും സീറ്റ് വിഭജനം പൂർത്തിയായി.
അതേസമയം, സഖ്യത്തിലെ ഘടകകക്ഷിയായ കമല്‍ഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. ഡിഎംകെ സഖ്യത്തിലെ മറ്റ് ചെറു പാർട്ടികൾ എല്ലാം 'ഉദയസൂര്യൻ' ചിഹ്നത്തിൽ തന്നെയാകും മത്സരിക്കുക. എംഡിഎംകെയുടെ നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും 'ഉദയസൂര്യൻ' ചിഹ്നം ഉപയോഗിക്കും. ഡിഎംകെയുടെ 164 സീറ്റുകൾക്ക് പുറമെ, എംഡിഎംകെയുടെ മൂന്ന് സീറ്റുകളും, മറ്റ് 11 സീറ്റുകളും ഉൾപ്പെടെ ആകെ 178 മണ്ഡലങ്ങളിൽ 'ഉദയസൂര്യൻ' ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ മത്സരിക്കും.
ഡിഎംകെ സഖ്യത്തിൽ ഡിഎംഡികെക്ക് കൂടുതൽ സീറ്റുകൾ നൽകിയതുമായി ബന്ധപ്പെട്ട് ചില കക്ഷികളിൽ അതൃപ്തി നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ ആരോപണങ്ങൾ ഡിഎംകെ നേതൃത്വം തള്ളി. സീറ്റ് അനുവദിച്ചതിൽ ആർക്കും അതൃപ്തിയില്ല, ഞങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നു- എന്ന് ഡിഎംകെ വ്യക്തമാക്കി.












Click it and Unblock the Notifications