മുസ്ലിം ലീഗിന് 2 സീറ്റ് മാത്രം; ചിഹ്നം മാറില്ല, കോണ്‍ഗ്രസുമായി യോജിക്കാതെ ഡിഎംകെ, തര്‍ക്കം
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ തർക്കങ്ങൾ രൂക്ഷം. ഡിഎംകെ സഖ്യകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ ഊർജിതമാക്കി. ടിആർ ബാലുവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി ഓരോ കക്ഷികളുമായും ചർച്ചകൾ നടത്തുകയാണ്.
ഡിഎംകെ രണ്ട് പാർട്ടികളുമായി സീറ്റ് കരാർ ഒപ്പുവെച്ചുകഴിഞ്ഞു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനും തമിഴ്നാട് മനിതനേയ മക്കൾകക്ഷിക്കും (MMK) രണ്ട് സീറ്റുകൾ വീതം അനുവദിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ. മുസ്‌ലിം ലീഗ് "ഏണി" ചിഹ്നത്തിലും MMK "ഉദയസൂര്യൻ" ചിഹ്നത്തിലും മത്സരിക്കും.

കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് പ്രതിനിധികൾ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി. ഡിസംബർ 3-ന് കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധി ഗിരീഷ് ചോദങ്കർ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഭരണത്തിൽ പങ്കാളിത്തവും കൂടുതൽ സീറ്റുകളും ആവശ്യപ്പെട്ടിരുന്നു. ഭരണത്തിൽ പങ്കാളിത്തം എന്ന ആവശ്യം സ്റ്റാലിൻ പരസ്യമായി നിരസിച്ചു. മാണിക്കം ടാഗോർ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ സഖ്യം വിട്ട് ടിവികെയുമായി ചേരുമോ എന്ന സംശയമുയർത്തി.
അഭ്യൂഹങ്ങൾക്കിടയിലും കോൺഗ്രസ് നേതൃത്വം ഡിഎംകെ സഖ്യത്തിൽ ഉറച്ചുനിന്നു. കനിമൊഴി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുകയും സഖ്യത്തെക്കുറിച്ച് പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. അടുത്തിടെ കെസി വേണുഗോപാൽ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച ഡിഎംകെ-കോൺഗ്രസ് സീറ്റ് വിഭജന ചർച്ച നടന്നത്. കോൺഗ്രസ് 39 നിയമസഭാ സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ ഡിഎംകെ 23 സീറ്റുകൾ മാത്രം നൽകാമെന്ന് അറിയിച്ചു.
പഴയ നിലപാട് മയം വരുത്തി കോൺഗ്രസ്
മുൻപ് സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ 41 നിയമസഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റുമായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഡിഎംഡികെ പോലുള്ള പാർട്ടികൾ സഖ്യത്തിലേക്ക് വന്നതോടെ സീറ്റെണ്ണം കുറയ്ക്കാൻ കോൺഗ്രസ് തയ്യാറായി. ശനിയാഴ്ചത്തെ ചർച്ചയിൽ 39 നിയമസഭാ സീറ്റുകളും രണ്ട് രാജ്യസഭാ സീറ്റുകളും അവർ ആവശ്യപ്പെട്ടു.
സഖ്യം വിപുലീകരിച്ചതിനാൽ എല്ലാ കക്ഷികളും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റുകളിലാണ് മത്സരിക്കുന്നതെന്നും വിജയസാധ്യത കൂടുതലായതിനാൽ ഇത് പരിഗണിക്കണമെന്നും ഡിഎംകെ ചൂണ്ടിക്കാട്ടി. എന്നാൽ, കഴിഞ്ഞ തവണ 25 സീറ്റുകളിൽ മത്സരിക്കാൻ സമ്മതിച്ച കോൺഗ്രസ്, ഇനിയും സീറ്റ് കുറച്ചാൽ പാർട്ടിയെ വളർത്താനാവില്ലെന്ന് പ്രതികരിച്ചു. തുടർന്ന് ചർച്ചക്കായി വീണ്ടും വിളിക്കാമെന്ന് ഡിഎംകെ അറിയിച്ചു.
സീറ്റ് വിഭജനത്തിൽ കോൺഗ്രസ് പിടിവാശി തുടരുമ്പോൾ സ്റ്റാലിൻ ഏത് തീരുമാനത്തിനും തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്റ്റാലിന്റെ ജന്മദിനത്തിൽ രാഹുൽ ഗാന്ധി 'അണ്ണൻ' എന്ന് അഭിസംബോധന ചെയ്യാതെ ട്വീറ്റ് ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.
ഇതിനിടെ, ടിവികെയ്ക്ക് യുവാക്കൾക്കിടയിൽ നല്ല പിന്തുണയുണ്ടെന്ന് ഗിരീഷ് ചോദങ്കർ പ്രസ്താവിച്ചത് ഡിഎംകെയെ പ്രകോപിപ്പിച്ചു. സഖ്യത്തിൽ തുടരുന്നതും വിട്ടുപോകുന്നതും ഇപ്പോൾ കോൺഗ്രസിൻ്റെ കൈകളിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡ് ടിവികെ സഖ്യം തീരുമാനിക്കുകയാണെങ്കിൽ, പാർട്ടിയെ പിളർത്താൻ ചിലർ തയ്യാറായി നിൽക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഡിഎംകെ സഖ്യം ഇഷ്ടപ്പെടുന്ന സിറ്റിംഗ് എംഎൽഎമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ, ടിവികെ സഖ്യത്തിൽ ചേർന്നാൽ തമിഴ്‌നാട്ടിലെ കോൺഗ്രസ് പാർട്ടി രണ്ടായി പിളരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications