തൃഷയെ കൊണ്ടുവന്നിരുത്തി, വിജയിയുടെ മാനം കാറ്റിൽ പറന്നു;രൂക്ഷവിമർശനവുമായി ഡിഎംകെ മുഖപത്രം
ചെന്നൈയിൽ ഇത്തവണ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലെ നടി തൃഷയുടെ സാന്നിധ്യം ഏറെ ചർച്ചയായിരുന്നു. വിജയ്‌യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പമാണ് തൃഷ ഇരുന്നത്. ജയ് പരേഡിലെത്തിയപ്പോള്‍ ഗാലറിയിലേക്ക് നോക്കി കുടുംബാംഗങ്ങളെയും തൃഷയെയും അഭിവാദ്യം ചെയ്യുന്ന വിജയ്‌യുടെ വിഡിയോയും വൈറലായിരുന്നു.
ഇപ്പോഴിതാ തൃഷ പരിപാടിയിൽ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് ഡിഎംകെ മുഖപത്രമായ മുരശൊലി. വിജയ് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്ന് പത്രം കുറ്റപ്പെടുത്തി.

"സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വിജയിയുടെ അന്തസ്സ് കാറ്റിൽ പറന്നു.. യാതൊരു മടിയും നാണക്കേടും ഇല്ലാതെ അദ്ദേഹം നടിയെ മുൻനിരയിലിരുത്തി. തുർച്ചയായി സല്യൂട്ടുകൾ കൈമാറി. അദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് പോലും ദഹിക്കാത്ത കാഴ്ചയായിപ്പോയത്. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായ വ്യക്തി ഇത്തരം നാണംകെട്ടതും അരോചകവുമായ പെരുമാറ്റങ്ങളെ പരസ്യമായി പ്രദർശിപ്പിച്ച് അതിനെ ന്യായീകരിക്കാനുള്ള ശ്രമം നടത്തുകയാണ്'.ടിവികെയുടെ ആരാധകർക്ക് പോലും ഇതൊന്നും അംഗീകരിക്കാൻ സാധിച്ചിട്ടില്ല', പത്രം കുറ്റപ്പെടുത്തി. നടിയുടെ പേര് പറയാതെയാണ് വിമർശനം.
വെറും മൂന്ന് മാസത്തിനുള്ളിൽ തന്റെ ജനപ്രീതി നിലനിൽക്കുമോ എന്നും അധികാരത്തിൽ തുടരാൻ തനിക്ക് സാധിക്കുമോയെന്ന കാര്യത്തിലും വിജയ് ഭയന്ന് തുടങ്ങിയിരിക്കുകയാണെന്നും പത്രം പരിഹസിച്ചു. 'അദ്ദേഹത്തിൻ്റെ പ്രസംഗം തന്നെ ഈ ഭയം വെളിപ്പെടുത്തുന്നുണ്ട്. നമ്മുടെ കടമ കഴിഞ്ഞെന്നും ഇനി പിൻമാറാമെന്നും കരുതരുത്. ഇനി നിങ്ങൾ ജനങ്ങൾക്കൊപ്പവും സർക്കാരിനൊപ്പവും നിൽക്കണം എന്നാൽ മാത്രമേ എല്ലാ നല്ല പദ്ധതികളും നമ്മുക്ക് വിജയകരമായി നടപ്പാക്കാൻ കഴിയൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിൽ അദ്ദേഹം ജനങ്ങൾക്ക് മുൻപിൽ കെഞ്ചിക്കരയുകയാണ് ചെയ്തത് എന്നാണ് പത്രം ഉയർത്തിയ വിമർശനം.
അതേസമയം ഇതാദ്യമായല്ല തൃഷയ്ക്കെതിരെ ഡിഎംകെ വിമർശനം ഉയർത്തുന്നത്. അടുത്തിടെ പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർത്ഥ പ്രയോഗം വലിയ വിവാദത്തിന് കാരണമായിരുന്നു. പരാമർശത്തിൽ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. 'കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. എന്നാൽ അതിനെ കുറിച്ച് മിണ്ടാൻ വിജയ് തയ്യാറാകുന്നില്ല. പക്ഷെ ഡിഎംകെയ്ക്കെതിരെ തെറ്റായ കേസുകളെടുക്കുന്നു', എന്നിങ്ങനെയാണ് സ്റ്റാലിൻ പ്രസംഗിച്ചത്. ഇതിനിടയിൽ സദസിൽ നിന്നും ചിലർ തൃഷ, തൃഷ എന്ന് വിളിച്ച് പറഞ്ഞു. പിന്നാലെയായിരുന്നു ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം.


Click it and Unblock the Notifications