മാപ്പ് പറഞ്ഞോ ഇല്ലെങ്കില്‍ 100 കോടി തരേണ്ടി വരും; ബിജെപി അധ്യക്ഷനെതിരെ നിയമനടപടിയുമായി ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി ജെ പി തമിഴ്‌നാട് അധ്യക്ഷനെതിരെ നിയമ നടപടി സ്വീകരിച്ച് ഡി എം കെ. ബി ജെ പി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കാണ് ഡി എം കെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എം കെ സ്റ്റാലിന്റെ ദുബായ് സന്ദര്‍ശനത്തെ കുറിച്ചാണ് അണ്ണാമലൈ അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചത്.
പ്രസ്താവന പിന്‍വലിച്ച് രണ്ട് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം എന്നും അല്ലാത്ത പക്ഷം 100 കോടി രൂപ നഷ്ട പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നാണ് ഡി എം കെ, ബി ജെ പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസില്‍ പറയുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും വിദേശ നിക്ഷേപം നടത്താനാണ് സ്റ്റാലിന്‍ ദുബായിലേക്ക് പോയത് എന്നായിരുന്നു ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ആരോപണം.

ഡി എം കെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ എസ് ഭാരതിയാണ് അണ്ണാമലൈയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ അടയ്ക്കണമെന്നും ആണ് ലീഗല്‍ നോട്ടീസിലെ ആവശ്യം. സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനും വേണ്ടി തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് സ്റ്റാലിന്‍ ദുബായ് സന്ദര്‍ശിക്കുന്നതെന്ന് ആര്‍ എസ് ഭാരതി പറഞ്ഞു.
Recommended Video

ഇതിനെ കുറിച്ചാണ് അണ്ണാമലൈയും ബി ജെ പിയും ഹീനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടിയാണ് ദുബായ് യാത്രയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതും അപകീര്‍ത്തികരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയരുന്നത് സഹിക്കാനാകാത്തത് കൊണ്ടാണ് അണ്ണാമലൈ തീര്‍ത്തും തെറ്റായ പ്രസ്താവനകള്‍ നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഡി എം കെയുടെ പ്രതിച്ഛായ വ്യാജ ആരോപണങ്ങളിലൂടെ തകര്‍ത്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് അണ്ണാമലൈ നോക്കുന്നതെന്നും ഡി എം കെ നേതാക്കള്‍ പറഞ്ഞു. രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം അട്ടിമറിക്കാനുള്ള ശ്രമമെന്ന നിലയില്‍ ദേശവിരുദ്ധമായ പരാമര്‍ശമാണ് ബി ജെ പി അധ്യക്ഷന്‍ നടത്തിയതെന്നും ഇത് രാജ്യദ്രോഹക്കുറ്റമായി ഇത് കണക്കാക്കണമെന്നും ആര്‍ എസ് ഭാരതി പറഞ്ഞു. അതേസമയം ഡി എം കെയുടെ വക്കീല്‍ നോട്ടീസ് കോടതിയില്‍ നേരിടുമെന്ന് അണ്ണാമലൈ അറിയിച്ചു.












Click it and Unblock the Notifications