കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ ഡിഎംകെ: സിപിഎം ഉള്‍പ്പെടേയുള്ള പാർട്ടികളുടെ സീറ്റ് കുറയുമോ? ആശങ്ക
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് നേടാന്‍ സാധിച്ച സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ആകേയുള്ള 39 സീറ്റുകളില്‍ 38 സീറ്റുകളായിരുന്നു ഡി എം കെ നയിക്കുന്ന സഖ്യം നേടിയത്. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു വിജയിച്ച പാർട്ടികളുടെ കക്ഷി നില.
കോണ്‍ഗ്രസ് മത്സരിച്ച തേനിയില്‍ മാത്രമായിരുന്നു എന്‍ ഡി എ സഖ്യത്തില്‍ മത്സരിച്ച എ ഐ എ ഡി എം കെ വിജയിച്ചത്. തേനിയില്‍ പരാജയപ്പെട്ടെങ്കിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമായിരുന്നു നഷ്ടപ്പെട്ടതെങ്കില്‍ 2024 ല്‍ മുഴുവന്‍ സീറ്റിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിഎംകെ പ്രവർത്തനം.

'പാർട്ടിയുടെ അഭിമാനം നിലനിറുത്തണമെങ്കിൽ 40ൽ 40 സീറ്റും നേടണം. നമുക്ക് മുഴുവൻ രാജ്യത്തോടും കടമയുണ്ട്. ഫെഡറലിസം, സംസ്ഥാന സ്വയംഭരണം, മതേതരത്വം, സാമൂഹിക നീതി, സമത്വം തുടങ്ങിയ നമ്മുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം, അതായത് ഡി എം കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും ബി ജെ പിയും തമ്മില്‍' എന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്‍ അടുത്തിടെ പറഞ്ഞത്.
അതേസമയം തന്നെ മത്സരിക്കുന്ന സീറ്റുകളെ എണ്ണത്തില്‍ ഇത്തവണ ചില വിട്ടുവീഴ്ചകള്‍ക്ക് സഖ്യകക്ഷികള്‍ തയ്യാറാകണമെന്ന നിർദേശം ഡി എം കെ കേന്ദ്രങ്ങളില്‍ നിന്നും ഉയർന്ന് വരുന്നുണ്ട്. പുതുച്ചേരിയടക്കം 40 സീറ്റുകളുണ്ടെങ്കിലും ഇതില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് ഡി എം കെ മത്സരിക്കുന്നത്. ഇത് 25 വരെയായെങ്കിലും ഉയർത്തണമെന്നാണ് ഡി എം കെയില്‍ നിന്നും ഉയർന്ന് വരുന്ന ആവശ്യം.
കോണ്‍ഗ്രസും ഇടത് പാർട്ടികളും ഉള്‍പ്പെടേയുള്ള സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയാല്‍ മാത്രമേ ഡി എം കെയ്ക്ക് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ വർധനവ് വരുത്താന്‍ സാധിക്കുകയുള്ളു. രണ്ട് ഇടത് പാർട്ടികള്‍ക്കായി 4 സീറ്റുകളാണ് നല്‍കുന്നത്. ഇത് പരമാവധി രണ്ട്, അല്ലെങ്കില്‍ മൂന്ന് ആയി പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. അങ്ങനെയെങ്കില്‍ നഷ്ടപ്പെടുന്ന ഒരു സീറ്റ് സി പി ഐയുടെ സീറ്റായിരിക്കും. രണ്ട് സീറ്റുകള്‍ കുറയ്ക്കുകയാണെങ്കില്‍ സി പി എമ്മിന്റേയും സീറ്റില്‍ കുറവുണ്ടായേക്കും.
കോണ്‍ഗ്രസിന്റേയും സീറ്റുകളില്‍ എണ്ണം കുറയ്ക്കണമെന്ന ആവസ്യം ശക്തമാണ്. കഴിഞ്ഞ തവണ മത്സരിച്ച ചില ചെറു കക്ഷികളുടെ സീറ്റ് എടുത്ത് കളഞ്ഞ് അവർക്ക് രാജ്യസഭയിലേക്ക് അവസരം നല്‍കാം എന്ന രീതിയിലും ചർച്ചകളുണ്ട്. എന്നാല്‍ പ്രതിപക്ഷ മഹാ സഖ്യം ഉള്‍പ്പെടെ രൂപീകരിച്ച് ദേശീയ തലത്തില്‍ തന്നെ പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് പോവുന്നതിനാല്‍ മുന്നണിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവരുതെന്ന നിർദേശം മുന്നോട്ട് വെക്കുന്നവരുമുണ്ട്.
2004 മുതൽ ഡിഎംകെയും കോൺഗ്രസും സഖ്യകക്ഷികളായി തുടരുകയാണ്. ഇത് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പങ്കാളിത്തമാണ്. ഇടക്കാലത്ത് 2014-ൽ ഇരുപാർട്ടികളും വേർപിരിഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും ഒന്നിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശക്തി കോണ്‍ഗ്രസിനില്ലെങ്കിലും തെക്ക്, പടിഞ്ഞാറൻ തമിഴ്‌നാട്ടിൽ ചില പോക്കറ്റുകളിൽ അവർക്ക് ശക്തമായ വോട്ട് ബാങ്കുണ്ട്.












Click it and Unblock the Notifications