ആരാധനാലയങ്ങളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുത്; സുപ്രീം കോടതി
ഡൽഹി: ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ പുതിയ ഹർജികളിൽ സ്വീകരിക്കരുതെന്നും നിലവിലുള്ള ഹര്‍ജികളില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രീം കോടതി. ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ളവരാണ് ഹർജികൾ നൽകിയത്.
1947 ആഗസ്ത് 15 ന് നിലനിന്നിരുന്നതിൽ നിന്ന് ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം മാറ്റുന്നത് നിയമം നിരോധിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി. ഹർജികളിൽ നാലാഴ്ച്ചക്കകം മറുപടി സത്യവാങ്മൂലം നൽകാനും കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു. 'സുപ്രീം കോടതിയുടെ പരിഗണനയിലിരുക്കുന്ന വിഷയത്തിൽ പുതിയ ഹർജികൾ സ്വീകരിക്കോ നിലവിലുള്ളവയിൽ ഉത്തരവിടാനോ പാടില്ലെന്നാണ് കോടതികൾക്കുള്ള നിർദേശം. ഈ വിഷയം ഞങ്ങൾക്ക് മുൻപിലുള്ളപ്പോൾ മറ്റേതെങ്കിലും കോടതികൾ ഇത് പരിഗണിക്കുന്നത് നീതിയും ന്യായവുമാണോ?', കോടതി ചോദിച്ചു. ഇടക്കാല ഉത്തരവുകളും പുറപ്പെടുവിക്കരുതെന്നും കോടതി നിർദേശിച്ചു.

ആറോളം ഹർജികളാണ് കോടതി പരിഗണിച്ചത്. ഹിന്ദുക്കൾ, ജൈനർ, ബുദ്ധർ, സിഖുകാർ എന്നിവരുടെ ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള അവകാശം ഈ നിയമം ഇല്ലാതാക്കുന്നുവെന്നാണ് ഹർജികളിൽ പറയുന്നത്. രാജ്യത്തെ ചില മസ്ജിദുകൾ പുരാതന ക്ഷേത്രങ്ങൾക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളും ഹർജികൾ നൽകിയിട്ടുണ്ട്. ആരാധനാലയ നിയമത്തിന്റെ രണ്ട്, മൂന്ന്, നാല് വകുപ്പുകളാണ് ഹർജികളിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത് . സംഭാലിലെ ഷാഹി ജുമാ മസ്ജിദ്, വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ദർഗ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഈ കേസുകളിൽ ഉൾപ്പെടും.
ഉത്തർപ്രദേശിലെ സംഭാൽ ഷാഹി ജമാ മസ്ജിദിലെ സർവ്വെയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയാണ് വിഷയത്തിൽ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. മസ്ജിജ് നിർമ്മിച്ചതിന് ക്ഷേത്രത്തിന് മുകളിലാണെന്ന ആരോപണത്തിൽ പ്രദേശത്ത് സർവെ നടത്താൻ സിവിൽ കോടതി അനുമതി നൽകിയത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. സർവ്വെ നടത്താൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ഇരമ്പി. ഇതിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ 5 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് വിഷയത്തിൽ ഇടപെട്ട കോടതി സർവ്വെ താത്കാലികമായി നിർത്തിവെയ്ക്കാൻ സർക്കാരിന് നിർദേശം നൽകി. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനും പള്ളി കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications