'രാഷ്ട്രീയവത്കരിക്കരുത്, നീറ്റ് ചോദ്യപേപ്പർ ചോർച്ച ദേശീയ ആശങ്ക'; പ്രതികരിച്ച് പ്രധാനമന്ത്രി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു . നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടയിലാണ് മോദിയുടെ പ്രതികരണം.
'ചോദ്യപേപ്പർ ചോർച്ച ദേശീയ ആശങ്കയാണെന്നാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത്. ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നപ്പോൾ തന്നെ സർക്കാർ ദ്രുതഗതിയിൽ നടപടിയെടുത്തു.13 പേരെ അറസ്റ്റ് ചെയ്തു. സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ കേന്ദ്രസർക്കാർ മാത്രമല്ല അതത് സംസ്ഥാനങ്ങളും കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു', കിരണ്‍ റിജ്ജു മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു.

അതേസമയം പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തരമന്ത്രിയും ഇനിയും തങ്ങളുടെ കസേരകളിൽ ഇരിക്കാൻ യോഗ്യരല്ലെന്നും ഉടൻ തന്നെ രാജിവെയ്ക്കണമെന്നും രാഹുൽ പറഞ്ഞു.
'രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിനെതിരേയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. രാജ്യത്തെ പരീക്ഷ നടത്തിപ്പ് സംവിധാനങ്ങളും വിദ്യാഭ്യാസ സംവിധാനവുമെല്ലാം തകർന്ന നിലയിലാണെന്ന് രാജ്യത്തിന് അറിയാം. പരീക്ഷ നടത്തിപ്പ് സംവിധാനത്തെ ചിതലുകൾ കാർന്ന് തിന്നുകയാണ്. അവർ അക്കാര്യമാണ് ഉയർത്തുന്നത്. ഞങ്ങളും ഇത് തന്നെയല്ലേ പറയുന്നത്. ഇതിനെ കുറിച്ച് നിരന്തരം പ്രസൻ്റേഷനുകൾ ഞാൻ നടത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാത്തത്?', രാഹുൽ ഗാന്ധി ചോദിച്ചു.
എന്തുകൊണ്ടാണ് വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പോലീസ് നടപടിയിൽ മോദി ജി ക്ഷമ പറയാത്തത്? വിദ്യാർത്ഥികളെ മികച്ച നിലയിൽ കൈകാര്യം ചെയ്യണമായിരുന്നു. ഇങ്ങനെയല്ല രാജ്യത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ സർക്കാർ നേരിടേണ്ടത്. ഇവിടുത്തെ യുവാക്കൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ല, അവർക്ക് മുൻപിൽ എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. അവർ ഇവിടുത്തെ വിദ്യാഭ്യാസ സംവിധാനങ്ങൾക്കെതിരെ മാത്രമല്ല പ്രതിഷേധിക്കുന്നത്, അവരുടെ ഭാവിക്ക് വേണ്ടികൂടിയാണ് പ്രതിഷേധം', രാഹുൽ പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ കൈപ്പിടിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. 'വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണിത്. അംബാനിയുടെ മകൻ്റെ കല്യാണത്തിന് 1000 കോടി ചെലവാക്കുന്നു, അതേസമയം തങ്ങൾക്ക് സ്വന്തമായൊരു ബിസിനസ് സംരംഭം തുടങ്ങാൻ പോലുള്ള പണം ലഭിക്കുന്നില്ലെന്നാണ് അവർ ആശങ്കപ്പെടുന്നത്. ഇന്ത്യയിൽ തങ്ങൾക്ക് ഭാവിയില്ലെന്നാണ് അവർ പറയുന്നത്. അവരുടെ വാദം ന്യായമാണ്. എത്രയും പെട്ടെന്ന് ധർമ്മേന്ദ്ര പ്രധാനും ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും രാജിവെക്കണം', രാഹുൽ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications