ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള 50 നഗരങ്ങളില്‍ 39 ഉം ഇന്ത്യയില്‍; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാമത്
നേരത്തെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി താഴേക്കിറങ്ങാന്‍ രാജ്യത്തിനായിട്ടുണ്ട്

ന്യൂദല്‍ഹി: ലോകത്ത് വായു മലിനീകരണം കൂടുതലുള്ള 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍ എന്ന് റിപ്പോര്‍ട്ട്. രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമതുമാണ് ഇന്ത്യ. സ്വിസ് എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐക്യുഎയര്‍ ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
നേരത്തെ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇതില്‍ നിന്ന് എട്ടാം സ്ഥാനത്തേക്കെത്തിയത് ആശ്വാസകരമാണ്. പട്ടിക പ്രകാരം ഏറ്റലും കൂടുതല്‍ മലിനീകരണമുള്ള രാജ്യം ചാഡ് ആണ്. ഇറാഖ്, പാകിസ്താന്‍, ബഹ്‌റിന്‍, ബംഗ്ലാദേശ്, ബുര്‍ഖിനോ ഫാസോ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുകളിലുള്ളത്.
131 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് മലിനീകരണ പദാര്‍ത്ഥമായ പി എം 2.5 ന്റെ അളവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍ പാകിസ്ഥാനിലെ ലാഹോര്‍ ആണ് ഒന്നാമത്. ചൈനയിലെ ഹോടന് രണ്ടാം സ്ഥാനത്താണ്.

രാജസ്ഥാനിലെ ഭിവാദിയും മൂന്നാമതും ദല്‍ഹി നാലാമതും ആണ്. മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ആദ്യ പത്തില്‍ ആറെണ്ണവും ആദ്യ 20 ല്‍ 14 എണ്ണവും ഇന്ത്യയിലാണ് എന്നത് ശ്രദ്ധേയമാണ്. 7300 ല്‍ അധികം നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ഐക്യുഎയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലിനീകരണത്തിന്റെ 20-35 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണ്. വ്യാവസായിക യൂണിറ്റുകള്‍, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകള്‍, ബയോമാസ് കത്തിക്കല്‍ എന്നിവയാണ് മലിനീകരണത്തിന്റെ മറ്റ് ഉറവിടങ്ങള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ദല്‍ഹിയുടെ തൊട്ടടുത്ത നഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ മലിനീകരണ തോത് കുറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മെട്രോ നഗരങ്ങളില്‍ ദല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലിനീകരണം ഉള്ളത് കൊല്‍ക്കത്തയിലാണ്.












Click it and Unblock the Notifications