ടിക്കറ്റ് ക്യാന്‍സലാക്കിയാല്‍ റെയില്‍വേക്ക് ലോട്ടറിയേക്കാള്‍ വലിയ ബംപര്‍; പ്രതിദിനം 7 കോടി!!
2019 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് റെയില്‍വെക്ക് ഇത്രയും വരുമാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് ക്യാന്‍സല്‍ ആക്കുമ്പോഴും ഒരു നിശ്ചിത തുക റെയില്‍വേക്ക് ലഭിക്കും

ന്യൂദല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതിലൂടെയും വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്യാതെ വരുന്നതിലൂടെയുമായി പ്രതിദിനം ഏഴ് കോടിയോളം രൂപ വരുമാനമായി ലഭിക്കുന്നുണ്ട് എന്ന് റെയില്‍വേ. ന്യൂസ് 18 നല്‍കിയ വിവരാവകാശ അപേക്ഷക്ക് മറുപടിയായാണ് റെയില്‍വെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2019 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 6297 കോടി രൂപ വരുമാനം റെയില്‍വേക്ക് ലഭിച്ചു. 31 കോടിയില്‍ അധികം ടിക്കറ്റുകളാണ് ഇക്കാലയളവില്‍ റദ്ദാക്കിയത്. ഇതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 32 ശതമാനത്തിന്റെ വര്‍ധനവുണ്ടായി എന്നും റെയില്‍വേ അറിയിച്ചു.

ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ വരുമാനം റെയില്‍വേക്ക്
2021-ല്‍ ഇത് 1660 കോടി രൂപയായിരുന്നെങ്കില്‍ 2022 ല്‍ ഇത് 2184 കോടി രൂപയായി വര്‍ധിച്ചു എന്നും റെയില്‍വെ വ്യക്തമാക്കി. 2020 ല്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ വഴി 796 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. അതായത് പ്രതിദിനം 2.17 കോടി രൂപ!. 2022 ല്‍ ഇത് 2184 കോടി രൂപയായി മാറി. പ്രതിദിനം ആറ് കോടിക്ക് അടുത്താണ് ഇക്കാലയളവില്‍ ലഭിച്ചത്. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 9.03 കോടി പേര്‍ വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കാന്‍സലാക്കാതിരുന്നത് വഴി 4107 കോടി രൂപ റെയില്‍വേക്ക് കിട്ടി.

ഓരോ ദിവസവും 7 കോടി രൂപ
ഇത്തരത്തില്‍ മൂന്ന് വര്‍ഷത്തെ ശരാശരി കണക്കില്‍ പ്രതിദിനം ഏഴ് കോടി രൂപയാണ് റെയില്‍വെക്ക് വരുമാനമായി ലഭിച്ചത്. അതേസമയം 2021-നും 2022-നും ഇടയില്‍ റദ്ദാക്കപ്പെടാത്ത വെയ്റ്റ്-ലിസ്റ്റ് ടിക്കറ്റുകളില്‍ നിന്നുള്ള വരുമാനം 2.5 മടങ്ങ് ഉയര്‍ന്ന് 713 കോടിയില്‍ നിന്ന് 1604 കോടി രൂപയായതായും റെയില്‍വെ അറിയിച്ചു.

162 കോടി ടിക്കറ്റ് ബുക്ക് ചെയ്തു
2019-22 കാലയളവില്‍ വിറ്റ ടിക്കറ്റുകളില്‍ നിന്ന് 1.33 ലക്ഷം കോടി രൂപയാണ് റെയില്‍വെക്ക് ലഭിച്ചത്. ഇക്കാലയളവില്‍ 162 കോടി ടിക്കറ്റുകള്‍ ആണ് ബുക്ക് ചെയ്തത് എന്നും റെയില്‍വേ അറിയിച്ചു. ഒരു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഒരാള്‍ക്ക് നഷ്ടമാകുന്ന തുക ടിക്കറ്റിന്റെ നിരക്കിനേയും സമയത്തേയും ആശ്രയിച്ചിരിക്കും.

ടിക്കറ്റ് ക്യാന്‍സലാക്കുമ്പോള്‍ എത്ര നഷ്ടം വരും
ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുന്നത് എങ്കില്‍ യാത്രക്കാരന് കുറഞ്ഞത് 240 രൂപയ്ക്കും 180 രൂപയ്ക്കും ഇടയിലുള്ള ക്യാന്‍സലേഷന്‍ ചാര്‍ജ് വേണ്ടി വരും. ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കതിരുന്നാല്‍ റീഫണ്ട് അനുവദിക്കില്ല.












Click it and Unblock the Notifications