യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കും സ്വര്‍ണവിലയും തമ്മിലെന്ത് ബന്ധം? പലിശ കൂടുന്നത് ഗുണകരമോ?
ഇന്ത്യയിലെ റിസര്‍വ് ബാങ്കിലേതിന് പോലെ അമേരിക്കയിലെ കേന്ദ്ര ബാങ്കാണ് യുഎസ് ഫെഡറല്‍ റിസര്‍വ്. എന്നാല്‍ അമേരിക്കയിലെ കേന്ദ്രബാങ്ക് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെയാണ് ഇന്ത്യന്‍ വിപണിയെ പ്രധാനമായും സ്വര്‍ണ വിപണിയെ ബാധിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ആര്‍ ബി ഐയുടെ റിപോ റേറ്റിന് സമാനമായ ഒരു ധനനയ മാര്‍ഗമാണ് യുഎസ് ഫെഡ് റേറ്റ്.
യുഎസ് ഫെഡ് റേറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍ വിപണിയെ നേരിട്ട് ബാധിക്കും. ഫെഡ് റേറ്റ് ഉയരുന്നതോടെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തും. ഇത് വഴി വിപണിയിലെ പണ ലഭ്യത കുറയുന്നു. ഇതോടെ വായ്പ എടുക്കാനുള്ള ചെലവ് കൂടുകയും ഇത് സാധന-സേവനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ കഴിവിനെ ബാധിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ ആവശ്യക്കാരുടെ എണ്ണം കുറയും.

ഇതാണ് ഇന്ത്യയിലെ സ്വര്‍ണ വിപണിയിലും സംഭവിക്കുന്നത്. ഇന്ത്യയില്‍, ആര്‍ബിഐ പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ ആര്‍ബിഐയില്‍ നിന്ന് പണം കടം വാങ്ങേണ്ടി വരും. സ്വാഭാവികമായും പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് വായ്പയെടുക്കാനുള്ള ചെലവ് കൂടും. ഇത് മറികടക്കാന്‍ വ്യക്തികളില്‍ നിന്നുള്ള നിക്ഷേപം വര്‍ധിപ്പിക്കേണ്ടി വരും.
അങ്ങനെ വരുമ്പോള്‍ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകളും വര്‍ധിപ്പിക്കും. ഇതോടെ സ്ഥിര നിക്ഷേപം കൂടുതല്‍ ആകര്‍ഷകമാകും. യുഎസിലോ ലോകത്തെവിടെയെങ്കിലുമോ പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ വ്യക്തികള്‍ സ്വര്‍ണം പോലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള സ്ഥിര പലിശയുള്ള മാര്‍ഗങ്ങളിലേക്ക് മാറും. ഇത് സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തും.
എന്നാല്‍ എപ്പോഴും ഇത് സംഭവിക്കണമെന്നില്ല. എങ്കിലും കൂടുതല്‍ അവസരങ്ങളിലും യുഎസ് ഫെഡറല്‍ പലിശ നിരക്കിലെ വ്യതിയാനം സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കും. ഇതിന് പ്രധാന കാരണം ഇന്ത്യ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു എന്നതാണ്. അതിനാലാണ് അന്താരാഷ്ട്ര വിലയെ ഇന്ത്യയിലെ സ്വര്‍ണവില സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നാല്‍ ഇന്ത്യയിലും വില ഉയരും.
അതിനാല്‍, യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍, അത് ഇന്ത്യയിലെ സ്വര്‍ണ വിലയില്‍ നേരിട്ട് സ്വാധീനം ചെലുത്തും. പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് സ്ഥിരനിക്ഷേപം പോലുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങും. യഥാര്‍ത്ഥത്തില്‍ അത് ചെയ്യുന്നില്ലെങ്കില്‍പ്പോലും പലിശനിരക്ക് ഉയരുന്നു എന്ന പ്രതീതി കാരണം സ്വര്‍ണവില കുറയുന്നതിന് ഇത് കാരണമാകും.
എപ്പോഴൊക്കെ യുഎസ് ഫെഡറല്‍ പലിശ നിരക്ക് ഉയരാറുണ്ടോ അപ്പോഴൊക്കെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളുടെ വിലയിലും ഇടിവ് പ്രകടമാകും. അതിനാലാണ് ലോകത്തെ ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന യുഎസ് ഫെഡറല്‍ പലിശ നിരക്ക് ഉയരുന്നത് സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.












Click it and Unblock the Notifications