പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആറ് കവാടങ്ങളുടെ പേര് കേട്ടോ..? അര്‍ത്ഥമാക്കുന്നത് എന്ത്?
ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഔദ്യോഗികമായി സഭാ നടപടികള്‍ ഇന്ന് ആരംഭിക്കുകയാണ്. നിര്‍മാണ സമയം തൊട്ടെ വാര്‍ത്തകളില്‍ ഇടം നേടിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ ദേശീയ പതാക ഉയര്‍ത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആറ് ഗേറ്റുകള്‍ക്ക് നല്‍കിയ പേരുകള്‍ക്ക് പിന്നിലും ചില സവിശേഷതകളുണ്ട്.
ആറ് ജീവികളുടെ പേരുമായി ബന്ധപ്പെടുത്തി നല്‍കിയിരിക്കുന്ന ഈ പേരുകളില്‍ ചിലത് യഥാര്‍ത്ഥവും മറ്റുള്ളവ പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ ഓരോ ജീവിയും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റിന്റെ വ്യത്യസ്ത വശങ്ങളെ സൂചിപ്പിക്കുന്നു. ഗജ ദ്വാര, അശ്വ ദ്വാര, ഗരുഡ ദ്വാര, മകരദ്വാര, ശാര്‍ദൂല ദ്വാര, ഹംസ ദ്വാം എന്നിവയാണ് ആറ് കവാടങ്ങള്‍. ഓരോ ഗേറ്റിലും അതിനോട് അനുബന്ധിച്ചുള്ള ജീവികളുടെ ശില്‍പങ്ങളുമുണ്ട്.

ഗജ ദ്വാര
ബുദ്ധി, ഓര്‍മ്മ, സമ്പത്ത്, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ആനയുടെ പേരിലാണ് ഗജദ്വാര എന്ന് അറിയപ്പെടുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ വടക്ക് ഭാഗത്താണ് ഈ ഗേറ്റ്. വടക്ക് വാസ്തു ശാസ്ത്ര പ്രകാരം ബുദ്ധിയുടെ ഉറവിടമായി വിശ്വസിക്കപ്പെടുന്ന ബുധനുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവെ എല്ലാ നിര്‍മാണങ്ങളിലും ഗേറ്റുകളില്‍ ആനയുടെ രൂപങ്ങള്‍ സാധാരണമാണ്. അവ ഐശ്വര്യവും സന്തോഷവും കൊണ്ടുവരുമെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു.
അശ്വ ദ്വാര
രണ്ടാമത്തെ ഗേറ്റ് അശ്വ ദാര എന്നാണ് അറിയപ്പെടുന്നത്. കുതിരയുടെ പേരിലാണ് അശ്വ ദ്വാര എന്ന് പേരിട്ടിരിക്കുന്നത്. ഒരു ഭരണത്തിലും ഭരണാധികാരിക്കും വേണ്ട ഏറ്റവും അവിഭാജ്യമായ ഗുണങ്ങളായ ശക്തി, ധൈര്യം എന്നിവയെ ആണ് ഇത് പ്രതീകപ്പെടുത്തുന്നത്.
ഗരുഡ ദ്വാര
മൂന്നാമത്തെ ഗേറ്റിന് പക്ഷികളുടെ രാജാവായ ഗരുഡന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഗരുഡന്‍ മഹാവിഷ്ണുവിന്റെ വാഹനമാണ് എന്ന് വിശ്വസിക്കുന്നു. ഗരുഡനെ ശക്തിയുടെയും ധര്‍മ്മത്തിന്റെയും പ്രതീകമാക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കിഴക്കേ കവാടമാണ് ഗരുഡ ദ്വാര സ്ഥിതി ചെയ്യുന്നത്.
മകര ദ്വാര
വ്യത്യസ്ത മൃഗങ്ങളുടെ സംയോജനമായ ഇതിഹാസ സമാനമായ കടല്‍ ജീവിയുടെ പേരിലാണ് മകര ദ്വാര അറിയപ്പെടുന്നത്. ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന ഹിന്ദു, ബുദ്ധ സ്മാരകങ്ങളില്‍ മകര ശില്‍പങ്ങള്‍ കാണാറുണ്ട്. ഒരു വശത്ത്, വ്യത്യസ്ത ജീവികളുടെ സംയോജനമെന്ന നിലയില്‍ ഇത് ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെ പ്രതിനിധീകരിക്കുമ്പോള്‍ മറുവശത്ത് സംരക്ഷകരായി കാണപ്പെടുന്നു. പഴയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടത്തിന് അഭിമുഖമായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ശാര്‍ദൂല ദ്വാര
ശാര്‍ദൂല എന്ന പുരാണ ജീവിയുടെ പേരിലാണ് അഞ്ചാമത്തെ ഗേറ്റിന് പേര് നല്‍കിയിരിക്കുന്നത്. സിംഹത്തിന്റെ ശരീരവും കുതിരയുടെയോ ആനയുടെയോ തത്തയുടെയോ തലയ്ക്ക് സമാനമായ രൂപമാണിതിന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടത്തില്‍ ശാര്‍ദൂലയുടെ സാന്നിധ്യം രാജ്യത്തെ ജനങ്ങളുടെ ശക്തിയെ പ്രതീകപ്പെടുത്തുന്നു.
ഹംസ ദ്വാര
പാര്‍ലമെന്റിന്റെ ആറാമത്തെ കവാടമാണ് ഹംസത്തിന്റെ പേരിലുള്ള ഹംസ ദ്വാര്‍. ഹിന്ദുക്കളുടെ അറിവിന്റെ ദേവതയായ സരസ്വതിയുടെ വാഹനമാണ് ഹംസ. ഹംസത്തിന്റെ പറക്കല്‍ മോക്ഷത്തെ പ്രതീകപ്പെടുത്തുന്നു.ജനന-മരണ ചക്രത്തില്‍ ആത്മാവിന്റെ മോചനം എന്നും ഇതിനെ അര്‍ത്ഥമാക്കുന്നു. പാര്‍ലമെന്റിന്റെ ഗേറ്റിലെ ഹംസ ശില്പം ആത്മസാക്ഷാത്കാരത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണ്.












Click it and Unblock the Notifications