ഒന്നും രണ്ടും ലോക്കാണ് ഹ്യുണ്ടായീ, ഇങ്ങ് പോര്..!! ജൂണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറേതെന്നറിയാമോ?
കൊവിഡ് കാലം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് ഇന്ത്യയുടെ കാര്‍ വിപണി. കൊവിഡ് കാരണം 2020 ലും 2021 ലും ഇന്ത്യന്‍ വാഹന വ്യവസായം വന്‍ തകര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. എന്നാല്‍ 2022-ല്‍ കൊവിഡിന് ശേഷം അവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം അവരുടെ തീര്‍പ്പാക്കാത്ത ചില പ്രൊജക്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.
അതിനാല്‍ തന്നെ 2023 ല്‍ കാര്‍ വിപണി വീണ്ടും പ്രതീക്ഷ കൈവരിക്കുകയാണ്. ഇത് പ്രകാരം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രതീക്ഷ നല്‍കുന്ന വില്‍പനയാണ് ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം പരമാവധി യൂണിറ്റുകള്‍ വിറ്റഴിച്ച ഏറ്റവും മികച്ച കാറുകള്‍ ഏതൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യയിലെ ജനപ്രിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂണ്‍ മാസത്തിലും മാരുതി സുസുക്കി തങ്ങളുടെ പോപുലാരിറ്റി നിലനിര്‍ത്തുന്നുണ്ട്. കഴിഞ്ഞ മാസം വിറ്റഴിച്ച കാറുകളില്‍ മാരുതി സുസുക്കിയുടെ വാഗണ്‍ആറും സ്വിഫ്റ്റും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കഴിഞ്ഞ മാസം മാരുതി സുസുക്കി 17481 യൂണിറ്റ് വാഗണ്‍ആര്‍ ആണ് വിറ്റഴിച്ചത്.
രണ്ടാം സ്ഥാനത്തുള്ള സ്വിഫ്റ്റിന്റെ 15,955 യൂണിറ്റുകള്‍ ആണ് കഴിഞ്ഞ മാസം മാരുതി സുസുക്കി വിറ്റഴിച്ചത്. ഹ്യുണ്ടായ് ക്രെറ്റ ആണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. നിര്‍മാണത്തിലെ മേന്മയും ഗ്ലോബല്‍ എന്‍ക്യാപ് സുരക്ഷാ റേറ്റിംഗിന്റെ മികച്ച സുരക്ഷാ റേറ്റിംഗുമാണ് ക്രെറ്റയെ മൂന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നത്. ഹ്യൂണ്ടായ് 14447 യൂണിറ്റ് ക്രെറ്റയാണ് കഴിഞ്ഞ മാസം പുറത്തിറക്കിയത്.
മാരുതിയുടെ തന്നെ ബലേനോയ്ക്കാണ് നാലാം സ്ഥാനം. 14077 യൂണിറ്റ് ബലേനോയാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ നെക്‌സോണ്‍ ആണ്. കഴിഞ്ഞ മാസം ടാറ്റ നെക്സോണിന് ധാരാളം ഉപഭോക്താക്കളെ ആകര്‍ഷിക്കാനും 13827 യൂണിറ്റുകള്‍ വിറ്റഴിക്കാനും കഴിഞ്ഞു. 11606 യൂണിറ്റുകള്‍ വിറ്റഴിച്ച വെന്യൂവിലൂടെ ഹ്യൂണ്ടായിക്ക് വീണ്ടും വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റാനായി.
ബജറ്റ് ഫ്രണ്ട്‌ലി കാറുകളില്‍ മാരുതിയുടെ ആള്‍ട്ടോ തന്നെയാണ് അപ്രമാദിത്യം തുടരുന്നത്. കഴിഞ്ഞ മാസം 11323 ആള്‍ട്ടോ കാറുകളാണ് വിറ്റഴിച്ചത്. ഇത് ടാറ്റയുടെ പഞ്ചിനെ അപേക്ഷിച്ച് വലിയ സംഖ്യയാണ്. ജൂണിലെ മികച്ച മിഡ്-സൈസ് എസ്യുവികളുടെ വില്‍പ്പനയിലും ഒന്നാം സ്ഥാനം മാരുതിക്കാണ്. ബ്രെസ്സയും ഗ്രാന്‍ വിറ്റാരയും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മാരുതിക്കായി. യഥാക്രമം 10,578, 10,486 യൂണിറ്റുകള്‍ ആണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.












Click it and Unblock the Notifications