എംഎല്‍എമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ജാര്‍ഖണ്ഡില്‍; മാസം ലക്ഷങ്ങള്‍, ഏറ്റവും കുറവ് കേരളത്തില്‍
പശ്ചിമ ബംഗാളിലെ എംഎല്‍എമാരുടെ ശമ്പളത്തില്‍ 40000 രൂപയുടെ വർധനവ് വരുത്താനുള്ള തീരുമാനം ഉണ്ടാവുന്നത് കഴിഞ്ഞയാഴ്ചയാണ്. ഇതോടെ ഒരോ അംഗത്തിനും മാസം 1.21 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. വർധനവിന് മുമ്പ് രാജ്യത്തെ എം എല്‍ മാരുടെ ശമ്പളത്തില്‍ ഏറ്റവും പുറകില്‍ നിന്നും മൂന്നാമതായിരുന്നു ബംഗാള്‍. നിലവിലെ വർധനവോടെ ബംഗാള്‍ പട്ടികയില്‍ 12-ാം സ്ഥാനത്തായി.
സംസ്ഥാന സർക്കാരുകളാണ് തങ്ങളുടെ നിയമസഭാംഗങ്ങൾക്ക് അവരവരുടെ ശമ്പളവും അലവൻസുകളും നിശ്ചയിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർക്കും ക്യാബിനറ്റ് മന്ത്രിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും എംഎൽഎമാരേക്കാൾ ഉയർന്ന ശമ്പളമാണ് ലഭിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ ശമ്പളവും അലവൻസുകളും നിയമത്തിലെ ഭേദഗതികളിലൂടെ പണപ്പെരുപ്പം കണക്കിലെടുത്ത് പതിവായി വർധിപ്പിക്കാറുണ്ട്. ഒരു കമ്മറ്റിയായിരിക്കും വർദ്ധനവിനുള്ള ശുപാർശ ചെയ്യുന്നത്.

അടിസ്ഥാന ശമ്പളം കൂടാതെ, എംഎൽഎയ്ക്ക് അവരുടെ നിയോജക മണ്ഡലങ്ങളിൽ നടത്തുന്ന ജോലികൾ, സഹായികളെ നിയമിക്കൽ, ടെലിഫോൺ ബില്ലുകൾ എന്നിവയ്ക്കുള്ള അലവൻസുകളും ലഭിക്കും. സർക്കാർ താമസം, രാജ്യത്തുടനീളമുള്ള സൗജന്യ യാത്ര, മെഡിക്കൽ സൗകര്യങ്ങള്‍, വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും എം എല്‍ എമാർക്ക് ലഭിക്കും.
ഈ വർഷം ഓഗസ്റ്റിൽ ശമ്പളം വർദ്ധിപ്പിച്ചതിന് ശേഷം ജാർഖണ്ഡിലാണ് എംഎൽഎമാർക്ക് ഇപ്പോൾ പ്രതിമാസം ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത്. സംസ്ഥാനത്തെ ഓരോ നിയമസഭാംഗത്വത്തിനും 2.9 ലക്ഷം രൂപ ലഭിക്കുന്ന തരത്തിലാണ് വർധനവ്. അതേസമയം വർധനവ് അടുത്ത നിയമസഭ സമ്മേളനം മുതല്‍ക്കായിരിക്കും നടപ്പില്‍ വരിക.
ജാർഖണ്ഡ് കഴിഞ്ഞാൽ എംഎല്‍എമാർക്ക് ഏറ്റവും കൂടുതൽ ശമ്പളമുള്ളത് മഹാരാഷ്ട്രയിലാണ്- പ്രതിമാസം 2.6 ലക്ഷം രുപ. തെലങ്കാനയും മണിപ്പൂരും 2.5 ലക്ഷം രൂപ വീതമാണ് ശമ്പളം നല്‍കുന്നത്. ഇവരുള്‍പ്പെടെ
എട്ട് സംസ്ഥാനങ്ങൾ മാത്രമാണ് പ്രതിമാസം 2 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം നല്‍കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപയിൽ താഴെ ശമ്പളമുള്ള അഞ്ച് സംസ്ഥാനങ്ങളും രാജ്യത്തുണ്ട്.
രാജ്യത്തെ എംഎല്‍എമാർക്ക് ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് നമ്മുടെ കേരളത്തിലാണ്. മാസം 70,000 രൂപയാണ് കേരളത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ഡൽഹി എംഎൽഎമാരുടെ ശമ്പളം കഴിഞ്ഞ വർഷം 67 ശതമാനം വർധിപ്പിച്ചെങ്കിലും ഇന്ത്യയിലെ നാലാമത്തെ ഏറ്റവും താഴ്ന്ന ശമ്പളമാണിത്.
മൊത്തം ചെലവിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഉത്തർപ്രദേശ് ഏറ്റവും മുന്നിലാണ്. പ്രതിവർഷം എംഎൽഎമാരുടെ ശമ്പളത്തിനായി ഏകദേശം 90.4 കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. ഏറ്റവും കൂടുതൽ (403) എംഎൽഎമാരുള്ളതിനാലാണ് ഇത്രയും വലിയ ചിലവ്. അതേസമയം പുതുച്ചേരി പ്രതിവർഷം ശമ്പളത്തിനായി ചെലവഴിക്കുന്നത് വെറും 4.2 കോടി രൂപയാണ്. 33 എംഎല്‍എമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്.
കേരളം (140 ), അസം (126), പഞ്ചാബ് (117) എന്നിവ യഥാക്രമം 11.8 കോടി, 12.1 കോടി, 13.2 കോടി എന്നീ സംസ്ഥാനങ്ങള്‍ താരതമ്യേന കുറഞ്ഞ മൊത്തത്തിലുള്ള പ്രതിമാസ ചെലവുള്ള വലിയ നിയമസഭകളിൽ ഉൾപ്പെടുന്നു. 81 എംഎൽഎമാരുള്ള ജാർഖണ്ഡിൽ പുതിയ ശമ്പളം അംഗീകരിച്ചാല്‍ ഒരു വർഷം 28 കോടി രൂപ ചെലവഴിക്കേണ്ടി വരും. മണിപ്പൂരിലെ 60 എംഎൽഎമാർക്ക് ശമ്പളം നൽകാൻ ഏകദേശം 18 കോടി രൂപയാണ് ചെലവഴിക്കുന്നത്.
രാജ്യത്തെ എംഎൽഎമാരുടെ ശരാശരി പ്രതിമാസ ശമ്പളം 1.5 ലക്ഷം രൂപയാണ്. അതേസമയം, ഓരോ പാർലമെന്റ് അംഗത്തിനും വേണ്ടി കേന്ദ്രം പ്രതിമാസം 2.7 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാർ എംഎൽഎമാരുടെ ശമ്പളത്തില്‍ പത്താം സ്ഥാനത്താണുള്ളത്. സിക്കിമിനൊപ്പം ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഗോവയാകട്ടെ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.












Click it and Unblock the Notifications