കൊൽക്കത്തയിൽ രാത്രിയിലും ഡോക്ടർമാരുടെ പ്രതിഷേധം; വനിതകളുടെ സുരക്ഷയ്ക്കായി മാർഗനിർദ്ദേശങ്ങളുമായി സർക്കാർ
ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ സർക്കാർ മെഡിക്കൽ കോളജിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാത്രി വൈകിയും പ്രതിഷേധം. മെഡിക്കൽ വിദ്യാർത്ഥികൾക്കൊപ്പം നഗരത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ഉള്ളവർ പ്രതിഷേധ സമരത്തിൽ അണിനിരന്നു. കൂടുതൽ പേർ എത്തിയതോടെ കൊൽക്കത്ത നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പിന്നീട് പോലീസ് എത്തി ആവശ്യപ്പെട്ടതോടെ സമരക്കാർ പിരിഞ്ഞുപോയി.
അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വനിതാ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ ബംഗാൾ സർക്കാർ പുറത്തിറക്കി. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതാ വൊളന്റിയർമാർ, സ്ത്രീകൾക്കായി പ്രത്യേകം ശുചിമുറികൾ, എല്ലായിടത്തും സിസിടിവി സൗകര്യം, മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധനകൾ, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ 'വിശാഖ കമ്മിറ്റി' , വനിതാ ഡോക്ടർമാരുടെ ജോലി 12 മണിക്കൂറിൽ അധികം പാടില്ല, ആവശ്യത്തിന് സുരക്ഷ ജീവനക്കാരെ നിയമിക്കും തുടങ്ങിയ കാര്യങ്ങളാണ് മാർഗനിർദ്ദേശത്തിൽ പറയുന്നത്. അലാറം ഉറപ്പാക്കുന്ന പ്രത്യേക മൊബൈൽ ആപ് വികസിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

അതിനിടെ കേസൽ പ്രതി സഞ്ജയ് റോയിയുടെ സൈക്കോ-അനാലിസിസ് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ സിബിഐ കൊൽക്കത്തയിലേക്ക് അയച്ചു. ഡൽഹി സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽനിന്നുള്ള വിദഗ്ധരാണ് പരിശോധിക്കുക. അതേസമയം പ്രതിഷേധത്തിനിടെ സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റിയെ തന്നെ രൂപീകരിക്കുമെന്നും പ്രതിഷേധ സമരം അവസാനിപ്പിക്കണമെന്നും ഇന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി സാധ്യമായതെല്ലാം ചെയ്യുമെന്നും സർക്കാർ ഉറപ്പുനൽകി. ആരോഗ്യപ്രവർത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. ആരോഗ്യമേഖലയിലുള്ളവർക്കും സംസ്ഥാന സർക്കാരുകൾക്കും പുതിയ സമിതിക്ക് മുൻപാകെ നിർദേശങ്ങൾ സമർപ്പിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേസമയം ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യത്തിൽ ഇടപെടൽ തേടി ഐഎംഎ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമങ്ങൾ തടയാൻ ശക്തമായ നിയമനം നടപ്പാക്കുക, ആശുപത്രികളെയും സേഫ് സോണായി പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കുക, റസിഡന്റ് ഡോക്ടർമാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് കത്തയച്ചത്.












Click it and Unblock the Notifications