സമയമില്ല, ഓപ്പറേഷന്‍ നിര്‍ത്തി ഡോക്ടര്‍ പോയി
ലഖ്‌നൊ: സര്‍ജറി പാതിവഴിയില്‍ നിര്‍ത്തി, തിരക്കുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ഡോക്ടര്‍മാര്‍ക്കെതിരെ അധികൃതര്‍ നടപടിക്കൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ഗോപിഗഞ്ചിലാണ് മെഡിക്കല്‍ ക്യാംപിനിടെ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമയംകഴിഞ്ഞു, പോയിട്ടുണ്ട് തിരക്കുണ്ടെന്ന് പറഞ്ഞ് സ്ഥലം കാലിയാക്കിയത്.
ബദോഹി ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വന്ധ്യതാക്യാംപിലാണ് സംഭവം ഉണ്ടായത്. നാല് പേര്‍ ഓപ്പറേഷന്‍ പാതിവഴിയിലെത്തി ടേബിളില്‍ കിടക്കുമ്പോഴാണ് ഡോക്ടര്‍മാരായ രമേഷ് ചന്ദ്ര, അസര്‍ ആസിഫ് എന്നിവര്‍ ഇറങ്ങിപ്പോയത്. ഡോക്ടര്‍മാരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം പ്രദേശത്ത് സംഘര്‍ത്തിന് വഴിവെച്ചതായി പോലീസ് പറഞ്ഞു.

ഓപ്പറേഷന് വിധേയരായ ആളുകളുടെ ബന്ധുക്കള്‍ നാട്ടുകാരെയും കൂട്ടി ഡോക്ടര്‍മാരുടെ വാഹനം തടഞ്ഞു. അലഹാബാദ് - വാരണാസി ഹൈവേയിലെത്തിയപ്പോഴാണ് ഡോക്ടര്‍മാരുടെ വാഹനം നാട്ടുകാര്‍ പിടിച്ചിട്ടത്. കയ്യില്‍ കിട്ടിയ ഡോക്ടര്‍മാരെ നന്നായി പെരുമാറാനും നാട്ടുകാര്‍ മറന്നില്ല. ചീഫ് മെഡിക്കല്‍ ഓഫീസറായ സുബൈര്‍ അഹമ്മദ് സ്ഥലത്തെത്തി നാട്ടുകാരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും കിട്ടി അടി.
നാട്ടുകാരുടെ അടിയേറ്റ് ബോധംപോയ ചീഫ് മെഡിക്കല്‍ ഓഫീസറെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് രാജീവ് കുമാര്‍ സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് അധികാരികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications