ദക്ഷിണേന്ത്യയോട് വിവേചനമോ? കടുത്ത അസംതൃപ്തി, കണക്കുകള്‍ നിരത്തി സംസ്ഥാനങ്ങള്‍
ദില്ലി: പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് നികുതി വിഹിത വിതരണ കേന്ദ്ര സർക്കാർ വിവേചനപൂർവ്വമായി പെരുമാറുന്നുവെന്ന വികാരം കൂടുതല്‍ ശക്തമായി വരികയാണ്. കേന്ദ്ര സർക്കാറിനെതിരായ വികാരം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ദില്ലിയിലെ സമരത്തിലേക്ക് വരേ എത്തി നില്‍ക്കുകയും ചെയ്തു.
ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു സമരമെങ്കില്‍ ഇന്ന് കേരളത്തിന്റെ സമരമായിരുന്നു ദില്ലിയില്‍ അരങ്ങേറിയത്. കേരളത്തിന്റെ സമരത്തിന് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ഡിഎംകെ എംപി തിരുച്ചി ശിവ, വി സി കെ എംപി തിരുമാവളവന്‍, കപില്‍ സിബല്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധ വേദിയിലേക്ക് എത്തി.

കേന്ദ്രനികുതി വിവിതത്തില്‍ നിന്നും തങ്ങളുടെ നിയമാനുസൃതമായ വിഹിതം നഷ്ടപ്പെട്ടതായി കേരളവും തമിഴ്നാടും കർണാടകയും അടങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ അവകാശപ്പെടുമ്പോൾ, ധനകാര്യ കമ്മീഷനിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നികുതി വിഹിതം തീരുമാനിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. 13-ാം ധനകാര്യ കമ്മീഷൻ 2010-11 മുതൽ 2014-15 വരെയും അടുത്തത് 2015-16 മുതൽ 2019-20 വരെയും ശുപാർശകൾ നൽകി കഴിഞ്ഞു. 15-ാം ധനകാര്യ കമ്മീഷൻ അതിൻ്റെ ആദ്യ റിപ്പോർട്ടിൽ 2020-21 ലേക്ക് ശുപാർശകൾ നൽകി. തുടർന്ന് 2021-2025-26 ലേക്കുള്ള ശുപാർശകളും വരും.
സാമ്പത്തികമായി ശക്തമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 15-ാം ധനകാര്യ കമ്മീഷനിലെ ടേംസ് ഓഫ് റഫറൻസിൽ മുൻ കമ്മീഷനുകൾ ഉപയോഗിച്ചിരുന്ന 1971-ലെ ജനസംഖ്യാ മാനദണ്ഡത്തിന് വിരുദ്ധമായി 2011-ലെ സെൻസസ് അടിസ്ഥാനമാക്കി ജനസംഖ്യാ പാരാമീറ്റർ ആവശ്യപ്പെട്ടപ്പോൾ പരാതികൾ ഉന്നയിച്ച് രംഗത്ത് വരികയായിരുന്നു. മറ്റ് പല സംസ്ഥാനങ്ങളേക്കാളും തങ്ങള്‍ മികച്ച രീതിയില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനാൽ ധനകാര്യ കമ്മീഷന്റെ ഈ നീക്കം തങ്ങള്‍ക്ക് എതിരാകുമെന്നാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രധാന പരാതി.
നികുതി വിഹിതത്തിന് ജനസഖ്യ അടിസ്ഥാനമാക്കിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറയുമെന്ന വിദഗ്ധരും വ്യക്തമാക്കുന്നു. 14-ാം ധനകാര്യ കമ്മീഷൻ (2015-2020) പ്രകാരം കർണാടകയ്ക്ക് നികുതി വിഹിതത്തിൻ്റെ 4.71 ശതമാനം ലഭിച്ചപ്പോള്‍ 15-ാം ധനകാര്യ കമ്മീഷൻ (2020-2025) പ്രകാരം 3.64 ശതമാനമായി കുറച്ചു" എന്നാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.
കേരളത്തിന് അർഹമായ വിഹിതം കിട്ടുന്നില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. '65 രൂപ സംസ്ഥാനം പിരിച്ചെടുത്താൽ 35 രൂപ കേരളം തരുമെന്നാണ് കണക്ക്. കേരളം നികുതിവരുമാനമായി 79 രൂപ പിരിച്ചെടുക്കുമ്പോൾ കേന്ദ്രം തരുന്നത് 21 രൂപയാണ്. യുപിക്ക് 100ൽ 46, ബിഹാറിൽ 70, കേരളത്തിന് 21. ഇത് വിവേചനമല്ലെങ്കിൽ മറ്റെന്താണ്' എന്നും മുഖ്യമന്ത്രി ചോദിച്ചു.












Click it and Unblock the Notifications