വിനോദ് കാംബ്ലി ലോണ്‍ തിരിച്ചടക്കാതെ മുങ്ങിയെന്ന് ബാങ്ക് പരസ്യം
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ലോണ്‍ തിരിച്ചടക്കാതെ മുങ്ങിയതായി പത്രപ്പരസ്യം. ഡോമ്പിവലി സിറ്റി കോ ഓപ്പറേറ്റിവ് ബാങ്കാണ് കഴിഞ്ഞ ദിവസം പ്രാദേശിക മറാത്തി പത്രങ്ങളില്‍ ഇത്തരമൊരു പരസ്യം നല്‍കിയത്. ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ വിനോദ് കാബ്ലിയും ഭാര്യ ആന്‍ഡ്രിയയും തിരിച്ചടച്ചില്ലെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോണ്‍ അടയ്ക്കാതെ മുങ്ങി നടക്കുന്ന കാബ്ലിയെയും ആന്‍ഡ്രിയയെയും കുറിച്ച് വിവരമൊന്നുമില്ലെന്നും ഇവരെ കണ്ടെത്തിയാല്‍ വായനക്കാര്‍ വിവരം അറിയിക്കണമെന്നുമാണ് പരസ്യത്തിലെ കാതല്‍. ബാന്ദ്രയിലെ ദ ജ്വല്‍ ഹൗസിങ് സൊസൈറ്റിയിലാണ് കാബ്ലിയും കുടുംബവും താമസിക്കുന്നത്. ഇക്കാര്യം ബാങ്കുകാര്‍ക്ക് അറിയാതിരുന്നിട്ടാണോ പരസ്യം നല്‍കിയത് എന്നകാര്യത്തില്‍ വ്യക്തതയില്ല.

നിരവധി തവണ ബാങ്ക് ലോണ്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാബ്ലിക്ക് കത്തയച്ചതായി ബാങ്കുകാര്‍ പറയുന്നു. മിക്കതിനും മറുപടിയില്ലാതായതോടെ കാബ്ലിയെ പത്രത്തിലൂടെ അറിയിക്കുകയായിരുന്നു ബാങ്കിന്റെ ഉദ്ദേശമെന്നും കരുതുന്നു. ബാങ്ക് ലോണ്‍ വീഴ്ചവരുത്തിയ കാര്യം പത്രത്തിലൂടെ പരസ്യമായതോടെ കാംബ്ലിക്ക് സംഭവം നാണക്കേടായിരിക്കുകയാണ്.
ക്രിക്കറ്റുമായി ബന്ധപ്പെട്ടും ഉറ്റ സുഹൃത്തായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ബന്ധപ്പെട്ടും കാബ്ലി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രതിഭാധനനായ കളിക്കാരനായിരുന്നിട്ടും അച്ചടക്കമില്ലാത്ത ജീവിതശൈലികൊണ്ട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ കളിക്കാരനാണ് കാംബ്ലി. വാഹനമോടിക്കുമ്പോള്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കാബ്ലി ചികിത്സയിലായിരുന്നു അടുത്തകാലത്ത്.












Click it and Unblock the Notifications