ഇനിയും മുദ്രവെച്ച കവര്‍ നല്‍കേണ്ട, അത് ഞങ്ങള്‍ക്ക് വേണ്ട; സുപ്രീംകോടതി
ന്യൂദല്‍ഹി: വാദങ്ങള്‍ മുദ്ര വെച്ച കവറില്‍ കൈമാറുന്ന രീതിയ്‌ക്കെതിരെ സുപ്രീം കോടതി. പട്ന ഹൈക്കോടതി വിധിക്കെതിരെ ദിനേഷ് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഈ പ്രവണതയ്‌ക്കെതിരെ രംഗത്തെത്തിയത്. ഈ കോടതിയില്‍ മുദ്ര വെച്ച കവറുകള്‍ ദയവായി നല്‍കരുതെന്നും ഒരു തരത്തിലുള്ള സീല്‍ഡ് കവറുകളും ഇവിടെ വേണ്ട എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.
ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഹര്‍ജിക്കാരന്‍ പോസ്റ്റിട്ടിട്ടുണ്ട് എന്നും ഇവ മുദ്ര വെച്ച കവറില്‍ നല്‍കാമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇടപെട്ടത്. മുന്‍ ചീഫ് ജസ്റ്റിസുമാരുടെ കാലത്ത് ഇത്തരത്തില്‍, പ്രത്യേകിച്ചും സര്‍ക്കാരില്‍ നിന്ന് മുദ്ര വെച്ച കവറുകള്‍ വാങ്ങുന്ന പ്രവണത വിമര്‍ശിക്കപ്പെട്ടിരുന്നു. ഈയിടെ മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ടും കേന്ദ്ര സര്‍ക്കാര്‍ മുദ്ര വെച്ച കവര്‍ ഹാജരാക്കിയിരുന്നു.

കേരള ഹൈക്കോടതിയിലായിരുന്നു സര്‍ക്കാര്‍ സീല്‍ഡ് കവര്‍ നല്‍കിയിരുന്നത്. അതേസമയം കേസ് പരിഗണിച്ച സുപ്രീം കോടതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ കേസുകളില്‍ എതിര്‍ കക്ഷികളെയും പൊതു ജനങ്ങളെയും ഇരുട്ടില്‍ നിര്‍ത്തുന്ന 'സീല്‍ഡ് കവര്‍ ജുറിസ്പ്രുഡന്‍സ്' എന്ന് വിളിച്ചതിന് അക്കാദമിക് വിദഗ്ധര്‍ കോടതിയെ വിലക്കിയിരുന്നു.












Click it and Unblock the Notifications