ഭയപ്പെടേണ്ട; അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയും പോകില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ്
ബാങ്കുകള്‍ക്ക് മുന്നില്‍ നിന്നും അപകടങ്ങളും തര്‍ക്കങ്ങളുമൊക്കെ പതിവായതോടെയാണ് സര്‍ക്കാര്‍ വിശദീകരവുമായി രംഗത്തെത്തിയത്.
ദില്ലി: കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാനായി ബാങ്കകളിലും എടിഎമ്മുകളിലും തിരക്കു കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം എവിടെയും പോകില്ല. സുരക്ഷിതമായി മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാന്‍ ആവശ്യമായി സമയം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
ബാങ്കുകള്‍ക്ക് മുന്നില്‍ നിന്നും അപകടങ്ങളും തര്‍ക്കങ്ങളുമൊക്കെ പതിവായതോടെയാണ് സര്‍ക്കാര്‍ വിശദീകരവുമായി രംഗത്തെത്തിയത്. നികുതി അടയ്ക്കാതെ രണ്ടരലക്ഷം രൂപവരെ ജനങ്ങള്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്രയും തുക നിക്ഷേപിച്ചതിന്റെ പേരില്‍ അന്വേഷണമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാവില്ല.

കര്‍ഷകര്‍ നികുതി അടയ്‌ക്കേണ്ടതില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് ഭയമില്ലാതെ ബാങ്കില്‍ പണം നിക്ഷേപിക്കാം. വീട്ടമ്മമാര്‍, ചെറുകിട കച്ചവടക്കാര്‍, കൈത്തൊഴില്‍ക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും യാതൊരുവിധ ആശങ്കയും കൂടാതെ പണം നിക്ഷേപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയശേഷം ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എടിഎമ്മുകളില്‍ പണം നിറച്ചയുടന്‍ തീര്‍ന്നുപോവുകയാണ്. ഇതിനിടെ 100, 50 രൂപ നോട്ടുകളുടെ ക്ഷാമവും കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവില്‍ 2,000 രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ വഴി നല്‍കുന്നുണ്ടെങ്കിലും അവ ചില്ലറയായി മാറാന്‍ കഴിയാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.












Click it and Unblock the Notifications