"ഞാൻ മോദിയുടെ വലിയ ആരാധകൻ, എന്റെ സുഹൃത്താണ്"; ഡൽഹിയിലേക്ക് അപ്രതീക്ഷിത ഫോൺ കോളുമായി ട്രംപ്!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ് താനെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മികച്ച നേതാവും തന്റെ അടുത്ത സുഹൃത്തുമാണെന്ന് വ്യക്തമാക്കിയ ട്രംപ്, ഇന്ത്യയെ ഏറെ സ്നേഹിക്കുന്നുവെന്നും ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചു. ഡൽഹിയിൽ യുഎസ് എംബസി സംഘടിപ്പിച്ച അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷ പരിപാടിക്കിടെയാണ് ട്രംപ് അപ്രതീക്ഷിതമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ ഫോണിലേക്ക് വിളിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും സാന്നിധ്യത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
"എല്ലാവർക്കും ഹലോ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രിയെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്"- അംബാസഡറുടെ ഫോൺ സ്പീക്കറിലിട്ട് കേൾപ്പിച്ച തത്സമയ കോളിൽ ട്രംപ് പറഞ്ഞു. ഇന്ത്യയുടെ ഏതാവശ്യത്തിനും അമേരിക്കയെ ആദ്യം വിളിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തങ്ങൾ ഇന്ത്യയുമായി എന്നത്തേക്കാളും കൂടുതൽ അടുപ്പത്തിലാണെന്നും, ഇന്ത്യയ്ക്ക് തന്നിലും അമേരിക്കയിലും നൂറു ശതമാനം വിശ്വസിക്കാമെന്നും ട്രംപ് ഉറപ്പുനൽകി. എപ്പോഴെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ആരെയാണ് വിളിക്കേണ്ടതെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും, അവർ ഇവിടെയാണ് വിളിക്കുകയെന്നും പറഞ്ഞ ട്രംപ്, ഇരു രാജ്യങ്ങളും മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും റെക്കോർഡ് സമ്പദ്‌വ്യവസ്ഥയും സ്റ്റോക്ക് മാർക്കറ്റുമുള്ള അമേരിക്ക ഇന്ത്യയ്ക്ക് എന്ത് വേണമെങ്കിലും നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി.
#WATCH | Delhi | US Ambassador to India Sergio Gor connects with the US President live at the 250th Independence Day celebration.
— ANI (@ANI) May 24, 2026
US President Donald Trump says, "...I love India...I just want to say hello to everybody. I love the Prime Minister. PM Modi is great, he is my… pic.twitter.com/MxPrFWKdWO
ചടങ്ങിൽ സംസാരിച്ച യുഎസ് അംബാസഡർ സെർജിയോ ഗോർ, ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തെ വേദിയിൽ പ്രശംസിച്ചു. ട്രംപുമായി സംസാരിക്കുന്ന ഓരോ തവണയും അദ്ദേഹം മോദിയെക്കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് സെർജിയോ ഗോർ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ട്രംപിന് വേണ്ടി സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.

നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ഉന്നതതല നയതന്ത്ര നീക്കങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഡൽഹിയിലെ എംബസി ചടങ്ങിൽ വെച്ച് അംബാസഡറുടെ ഫോണിലേക്ക് ട്രംപിന്റെ അപ്രതീക്ഷിത കോൾ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന്റെ വ്യക്തമായ സൂചനയായാണ് നയതന്ത്ര വിദഗ്ധർ ട്രംപിന്റെ ഈ സർപ്രൈസ് കോളിനെ വിലയിരുത്തുന്നത്.












Click it and Unblock the Notifications