ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ പര്യടനം ഫെബ്രുവരി 23ന് ആരംഭിക്കും
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ പര്യടനം ഫെബ്രുവരി 23ന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും ആരംഭിക്കുന്ന പര്യടനത്തിനിടെ സബര്‍മതി നദീ തീരവും അദ്ദേഹം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് വരാനിരിക്കുന്നത്. ഉന്നതതല സന്ദര്‍ശനത്തിനുള്ള തീയതികള്‍ ഇരു സര്‍ക്കാരുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ഇക്കാര്യം ഇന്ത്യയും അമേരിക്കയും സജീവമായി ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ട്രംപ് സബര്‍മതി നദി സന്ദര്‍ശിക്കുന്ന കാര്യം പുറത്ത് വിട്ടത്. ദില്ലിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശുദ്ധീകരിച്ച സബര്‍മതി നദി ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നദിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജപ്പാനിലെയും ഇസ്രായേലിലേയും പ്രധാനമന്ത്രിമാര്‍ സബര്‍മതി സന്ദര്‍ശിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. അത്രയും മികച്ച രീതിയിലാണ് സബര്‍മതി പരിപാലിക്കുന്നത്. ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് വരും. അദ്ദേഹം സബര്‍മതി സന്ദര്‍ശിക്കുമെന്നും രൂപാനി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും തിയതികള്‍ ഏതാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിന പരേഡിന് മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഇന്ത്യ ട്രംപിനെ ക്ഷണിച്ചിരുന്നുവെങ്കിലും സമയമില്ലാത്തതിനാല്‍ അദ്ദേഹത്തിന് വരാന്‍ സാധിച്ചിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം ട്രംപ് നടത്തിയ ആദ്യ ഏഷ്യാ സന്ദര്‍ശനത്തില്‍ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ അഞ്ച് രാജ്യങ്ങള്‍ മാത്രമാണ് അന്ന് അദ്ദേഹം സന്ദര്‍ശിച്ചത്.












Click it and Unblock the Notifications