നമസ്‌തേ ട്രംപ്; അമേരിക്കയില്‍ നിന്ന് വിമാനങ്ങളെത്തി, ആയുധങ്ങള്‍ ഉടനെത്തും
അഹമ്മദബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കയില്‍ നിന്ന് കാര്‍ഗോ വിമാനങ്ങള്‍ എത്തി. അഹമ്മദാബാദില്‍ എത്തിയ വിമാനത്തില്‍ ട്രംപിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളാണുള്ളത്. അടുത്ത ദിവസം സുരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങള്‍ അടങ്ങിയ വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് അഹമ്മദാബാദിലെത്തും. ട്രംപിന് സഞ്ചരിക്കാനുള്ള വാഹനങ്ങളും ഇതൊടാപ്പമുണ്ടാകും.

ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാല് വിമാനങ്ങളാണ് അമേരിക്കയില്‍ നിന്ന് എത്തുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. വിവിധ ഹോട്ടലുകളിലാണ് ഇവര്‍ താമസിക്കുന്നത്. അഞ്ച് മണിക്കൂര്‍ വരെ ട്രംപ് അഹമ്മദാബാദിലുണ്ടാകും. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ആരംഭിച്ച് സബര്‍മതി ആശ്രമത്തില്‍ അവസാനിക്കുന്ന റോഡ് ഷോ 24 കിലോമീറ്ററിലാണ്. നമസ്‌തേ ട്രംപ് എന്നാണ് റോഡ് ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. ശേഷം ദില്ലിയിലേക്ക് പോകും. താജ്മഹല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാരും ബിജെപിയും. ഈ മാസം 24നാണ് ഡൊണാള്‍ഡ് ട്രംപ് ഗുജറാത്തിലെത്തുന്നത്. ട്രംപും മോദിയും ഒരുമിച്ച് പങ്കെടുക്കുന്ന വന്‍ പരിപാടിയാണ് അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡയത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്. ട്രംപും മോദിയും ഒരുമിച്ചാണ് മൊത്തേറയിലെ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. രണ്ട് നേതാക്കളും പിന്നീട് ജനങ്ങളെ അഭിസംബോധന ചെയ്യും.
അതേസമയം, ഈ മാസം 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് കടന്നുപോകുന്ന വഴിയിലെ ചേരികള്‍ക്ക് മുമ്പില്‍ മതില്‍കെട്ടുന്ന പണി അന്തിമ ഘട്ടത്തിലാണ്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് മതില്‍ കെട്ടുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications