'ഭയക്കരുത്, ഭയന്നോടരുത് '; റായ്ബറേലിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ രാഹുലിനെ പരിഹസിച്ച് മോദി
ഡൽഹി: റായ്ബറേലിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ അതിരൂക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സുരക്ഷിത സീറ്റ് തേടി ഓടുകയാണ് രാഹുൽ എന്ന് മോദി കുറ്റപ്പെടുത്തി. രാഹുലിനോട് ഭയക്കരുതെന്നും ഓടിപ്പോകരുതെന്നുമാണ് തനിക്ക് പറയാനുള്ളതെന്ന് മോദി പറഞ്ഞു.
'വയനാട്ടിൽ ഷെഹ്സാദ പരാജയപ്പെടുമെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നതാണ്. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ മറ്റൊരു സുരക്ഷിത സീറ്റ് രാഹുൽ തേടുമെന്ന് ഞാൻ പറഞ്ഞതാണ്. അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് ഭയമാണ്. അതുകൊണ്ടാണ് അദ്ദേഹം റായ്ബറേലിയിലേക്ക് പോകുന്നത്. അവർ എല്ലാവരോടും പറയുന്നത് ഭയപ്പെടരുതെന്നാണ്. എന്നാൽ എനിക്ക് ഇന്ന് അവരോട് പറയാനുളളത് ഭയക്കരുതെന്നും പേടിച്ചോടരുതെന്നുമാണ്', പശ്ചിമബംഗാളിൽ നടന്ന ബി ജെ പി റാലിയിൽ മോദി പറഞ്ഞു.

റായ്ബറേലി ഉപേക്ഷിച്ച് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചതിനേയും മോദി വിമർശിച്ചു. 'അവരുടെ (കോൺഗ്രസ്) ഏറ്റവും വലിയ നേതാവ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യപ്പെടില്ലെന്നും അവർ ഓടിപ്പോകുമെന്നും ഞാൻ പാർലമെൻ്റിൽ പറഞ്ഞിരുന്നു. അവർ രാജസ്ഥാനിലേക്ക് ഓടിപ്പോയി ഇപ്പോൾ രാജ്യസഭയിലെത്തി', മോദി പറഞ്ഞു.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് അവസാനിപ്പിച്ച് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുമെന്നാണ് കരുതപ്പെട്ടെങ്കിലും റായ്ബറേലിയിൽ നിന്നാണ് ഇക്കുറി രാഹുൽ മത്സരിക്കുകയെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാവായ കിഷോരിലാൽ ശർമ്മയാണ് അമേഠിയിൽ നിന്നും മത്സരിക്കുന്നത്.
അമേഠിയിൽ നിന്നാണ് ആദ്യമായി രാഹുൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. 2004 മുത്‍ മണ്ഡലത്തിൽ നിന്നും വിജയിച്ച രാഹുൽ 2019 ൽ അമേഠിയിൽ പരാജയപ്പെട്ടു. ബി ജെ പിയുടെ വനിത നേതാവായ സ്മൃതി ഇറാനിയോട് മത്സരിച്ചായിരുന്നു രാഹുൽ പരാജയം ഏറ്റുവാങ്ങിയത്. ഇക്കുറിയും അമേഠിയിൽ മത്സരിക്കാൻ ബി ജെ പി രാഹുലിനെ വെല്ലുവിളിച്ചിരുന്നു. രാഹുൽ അമേഠിയിൽ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിനും ഊർജം പകരുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് റായ്ബറേലിയിൽ നിന്നും രാഹുലിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിച്ചത്.
അതേസമയം രാഹുൽ റായ്ബറേലിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിരൂക്ഷ വിമർശനവുമായി വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ രംഗത്തെത്തി. മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നു. അത് മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് കാണിച്ച നീതികേടാണെന്നും രാഷ്ട്രീയ ധാർമ്മികതയ്ക്ക് ചേരാത്തതാണെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications