പെണ്ണുങ്ങള്‍ ജീന്‍സിട്ട് പ്രകോപിപ്പിക്കരുത്: സിപിഎം
കോല്‍ക്കത്ത: ജീന്‍സും ടോപ്പുമിട്ട് പുരുഷന്മാരെ സ്ത്രീകള്‍ പ്രകോപിപ്പിക്കരുത് എന്ന് സി പി എമ്മിന്റെ എം എല്‍ എ. ചങ്ങലയക്കും ഭ്രാന്ത് പിടിച്ചു എന്ന് പറഞ്ഞ പോലെ വെട്ടിലായിരിക്കുയാണ് ഈ പ്രസ്താവന കേട്ട പാര്‍ട്ടി നേതൃത്വം. ചിന്തയിലും വസ്ത്രത്തിലും ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ അപ്പോസ്തലന്മാരായ സി പി എമ്മില്‍ നിന്നും ഇത്തരത്തില്‍ ഒരു അഭിപ്രായം ഉയര്‍ന്നതാണ് അതിശയകരമായ കാര്യം.
പശ്ചിമ ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവും എം എല്‍ എയുമായ റസാക്ക് മൊല്ലയാണ് വിവാദ പ്രസ്താവനയിലൂടെ പാര്‍ട്ടിക്ക് തലവേദനയായിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം എല്‍ എയുടെ വിവാദ വിശദീകരണം.

സ്ത്രീകള്‍ ജീന്‍സും ടോപ്പും പോലെയുള്ള പാശ്ചാത്യ വേഷങ്ങള്‍ ഉപേക്ഷിക്കണം. ഇന്ത്യയുടെ സാമൂഹ്യരീതിക്ക് ചേര്‍ന്നതല്ല ജീന്‍സും ടോപ്പും പോലെയുളള വേഷങ്ങളെന്നും റസാക്ക് മൊല്ല പറഞ്ഞു. ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലായിരുന്നു റസാക്ക് മൊല്ല ഇത് പറഞ്ഞത്.
ഇതാദ്യമായല്ല റസാക്ക് മൊല്ല സ്വന്തം പാര്‍ട്ടിയായ സി പി എമ്മിന് പണി കൊടുക്കുന്നത്. നേരത്തെ, സ്ത്രീകള്‍ക്ക് സി പി എം ഭരണത്തില്‍ കൂടുതല്‍ സംരക്ഷണം നല്‍കാന്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന് കഴിയുന്നു എന്ന് പറഞ്ഞ് മൊല്ല പാര്‍ട്ടിയുടെ കണ്ണിലെ കരടായിരുന്നു.
സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ ബംഗാള്‍ സര്‍ക്കാരിനെ അഭിനന്ദിച്ച മൊല്ല സിപി എമ്മിന് ഇക്കാര്യത്തില്‍ ഒന്നും സാധിച്ചിരുന്നില്ല എന്നും പറഞ്ഞിരുന്നു.












Click it and Unblock the Notifications