Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകവിസ്മയത്തിന് പിന്നിലെ ബെംഗളൂരുകാരി; 17 വര്‍ഷത്തെ അധ്വാനം; ഡോ. മാധവി ലതയും ചെനാബ് പാലവും തമ്മിലുള്ള ബന്ധം?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം എന്ന ഖ്യാതിയുമായി ജമ്മു കാശ്മീരിലെ ചെനാബ് പാലം തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തിന് പാലം സമര്‍പ്പിച്ചത്. ഉധംപുര്‍, ശ്രീനഗര്‍, ബാരമുള്ള റൂട്ടില്‍ നിര്‍മ്മിച്ച പാലം അസാധ്യം എന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നത്. എന്നാല്‍ കാലാവസ്ഥയെയും പരിസ്ഥിതി പ്രശ്‌നങ്ങളെയും തൃണവല്‍ഗണിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിനു പിന്നില്‍ ഒരു വനിതയുണ്ട്. ബെംഗളൂരു സ്വദേശിനിയായ ഡോ. മാധവി ലത. കഴിഞ്ഞ 17 വര്‍ഷമായി ചെനാബ് പാലം യാഥാര്‍ത്ഥ്യമാക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് മാധവി ഒപ്പം ഉണ്ടായിരുന്നു .

അതിസാഹസികമായ ഒരു ദൗത്യത്തിന്റെ കഥയാണ് ഇതേക്കുറിച്ച് മാധവി ലതയ്ക്ക് പറയാനുള്ളത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍ ആണ് മാധവി ലത. പദ്ധതിയുടെ ജിയോ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ആയിട്ടായിരുന്നു പ്രവര്‍ത്തനം.

ഉധംപുര്‍, ശ്രീനഗര്‍, ബാരമുള്ള റെയില്‍വേ ലൈനിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ചെനാബ് പാലം നിര്‍മ്മാണമെന്ന് മാധവി ലത ഓര്‍ത്തെടുക്കുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പാലം കൂടിയേ തീരൂ.

Madhavi Latha

പീര്‍ പഞ്ചാല്‍ മലനിരകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ്, ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം നിര്‍മ്മിക്കേണ്ടത്. ദുര്‍ഘടമായ കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ശൈത്യ കാലങ്ങളില്‍ നിര്‍മ്മാണം നടക്കില്ല. പ്രദേശമാകെ മഞ്ഞുവന്നു മൂടും. അതുകഴിഞ്ഞ് സൂര്യന്‍ തെളിയുന്ന വളരെ കുറച്ചു മാസങ്ങളായിരുന്നു നിര്‍മ്മാണത്തിന് ലഭിച്ചിരുന്നത്.

കട്ടി ഇല്ലാത്ത പാറയും കുത്തനെയുള്ള ചെരിവുമായിരുന്നു പ്രധാന വെല്ലുവിളി. നദിയുടെ വേഗത്തിലുള്ള ഒഴുക്കും പ്രതിസന്ധി സൃഷ്ടിച്ചു. മണ്ണൊലിപ്പിനും സാധ്യതയേറെ. മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക എന്നത് പ്രായോഗികമായിരുന്നില്ല. പാലത്തിന്റെ സ്ട്രക്ചര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഉണ്ടായ വെല്ലുവിളിയാണ് പ്രധാനപ്പെട്ടത്. പ്രത്യേകിച്ചും പാറക്കെട്ടുകള്‍ തുളച്ച് അടിസ്ഥാനമിടുന്ന പ്രവര്‍ത്തനങ്ങള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ പറ്റുന്ന രീതിയിലായിരുന്നില്ല പ്രദേശത്തിന്റെ ഘടന.

അതുകൊണ്ടുതന്നെ, വരുന്ന വെല്ലുവിളികളെ അപ്പോള്‍ നേരിടാം എന്ന രീതിയില്‍ ആയിരുന്നു ആസൂത്രണം. കൂറ്റന്‍ ഡ്രില്ലറുകള്‍ ഉപയോഗിച്ച് പാറ തുരന്ന് അതിനുള്ളില്‍ കോണ്‍ക്രീറ്റ് മിശ്രിതം നിറച്ചായിരുന്നു ബലപ്പെടുത്തിയിരുന്നത്. പാലത്തിന്റെ അടിത്തറ ബലപ്പെടുത്തുക, ഭൂമിശാസ്ത്രപരമായ ചെരിവ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കുക തുടങ്ങിയ കാര്യങ്ങളിലായിരുന്നു മാധവി ലതയ്ക്ക് ഉത്തരവാദിത്തം. സ്ഥിരത കുറഞ്ഞ ഈ പാറക്കെട്ടുകളിലാണ് പാലത്തിന്റെ തൂണുകളും കമാനങ്ങളും നിര്‍മ്മിച്ചത്.

വെല്ലുവിളികള്‍ ഏറെ നിറഞ്ഞതായിരുന്നു അടിത്തറയിലെ നിര്‍മ്മാണവും ബലപ്പെടുത്തലും. പാറക്കെട്ടുകള്‍ക്കുള്ളിലെ വലിയ വിള്ളലുകള്‍, അയഞ്ഞ മണ്ണ് എന്നിവ ഏറെ ബുദ്ധിമുട്ടിച്ചു. അതുകൊണ്ടാണ് വെല്ലുവിളികളെ അപ്പപ്പോള്‍ നേരിടാം എന്ന ധൈര്യത്തില്‍ മുന്നോട്ടുപോയത്. അതൊടുവില്‍ വിജയിച്ചു എന്നാണ് മാധവി ലത പറയുന്നത്. എന്‍ജിനീയറിങ് വിസ്മയമായി വിശേഷിക്കപ്പെടുന്ന ചെനാബ് പാലത്തിന്, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സാധിക്കും.

ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമമായ യെദുഗുണ്ടല്‍പാടുവിലാണ് മാധവി ലതയുടെ ജനനം.
കര്‍ഷക കുടുംബത്തില്‍ നിന്നുള്ള മാധവി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് സര്‍ക്കാര്‍ സ്‌കൂളിലാണ്.

25 വര്‍ഷം മുമ്പ് ജിയോ ടെക്‌നിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ മാധവി ലത 2025ല്‍ ടീം ഓഫ് ഇന്ത്യയിലെ മികച്ച 75 സ്ത്രീകളുടെ പട്ടികയിലും ഇടം നേടിയിരുന്നു. മനുഷ്യ നിര്‍മിതികളില്‍ അത്ഭുതമായി ചെനാബ് പാലം തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഡോ. മാധവി ലതയും ആ ചരിത്ര നിര്‍മ്മിതിയിലെ പ്രധാന പങ്കാളിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+