മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥുടെ പരിഷ്കർത്താവ്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 92 വയസ്സായിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മുന്‍ പ്രധാനമന്ത്രിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്ന മന്‍മോഹന്‍ സിങിന്റെ ജീവന്‍ നിലനിർത്താന്‍ ഡോക്ടർമാരുടെ വിദഗ്ധ സംഘം പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ ജെപി നദ്ദ, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ എയിംസിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ, രാഹുല്‍ ഗാന്ധി എന്നിവർ ഉള്‍പ്പെടേയുള്ള പ്രമുഖ കോണ്‍ഗ്രസ്‍ നേതാക്കളെല്ലാം ബെലഗാവിയില്‍ നടക്കുന്ന പ്രവർത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനായി കർണാടകയിലാണുള്ളത്. വിവരം അറിഞ്ഞ ഉടനെ ഇവരെല്ലാം ഡല്‍ഹിയിലേക്ക് തിരിച്ചു.
2004 മുതല്‍ 2014 വരേയുള്ള പത്ത് വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി 2004 മെയ് 22 ന് അധികാരമേറ്റ മന്‍മോഹന്‍ സിങ് 2009 ല്‍ വീണ്ടും പാർട്ടി അധികാരത്തിലെത്തിയപ്പോള്‍ പദവിയില്‍ തുടരുകയായിരുന്നു. 1991-1996 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചുകൊണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍ സിങ് നടത്തിയ സാമ്പത്തിക പരിഷ്കരാങ്ങളാണ് രാജ്യ പുരോഗതിയില്‍ നിർണ്ണായകമായത്.
1991 മുതൽ രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ് 1998 മുതൽ 2004 വരെ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാഗംത്വം ഒഴിഞ്ഞതിന് ശേഷം വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്.
റിസർവ് ബാങ്ക് ഗവർണർ (1982- 85), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷന്‍ (1985- 87), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ (1985), കേന്ദ്ര ധനമന്ത്രി 1991-96), രാജ്യസഭാ പ്രതിപക്ഷ നേതാവ് (1998- 2004), യു ജി സി അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള മന്‍മോഹന്‍ സിങ്ങിന് 1987ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഭാര്യ: ഗുർശരൺ കൗർ. മക്കൾ: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.












Click it and Unblock the Notifications