കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂമറാങ്ങായി മോദിയുടെ ജനതാ കർഫ്യൂ! കർഫ്യൂവിന് പുല്ലുവില, 'കൊട്ടും പാട്ടുമായി ജനം തെരുവിൽ', കുറിപ്പ്!

Google Oneindia Malayalam News

കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ പലയിടത്തും തിരിച്ചടിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ആളുകൾ കൈയടിച്ചും മണിയടിച്ചും മറ്റും ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പലയിടത്തും ആളുകൾ വീടിന്റെ ബാൽക്കണിയിലും മറ്റും നിന്ന് സുരക്ഷിതമായി ഇത് ചെയ്തു.

Recommended Video

cmsvideo
Dr. TM Thomas Isaac abaout Janata Curfew

എന്നാൽ ചിലയിടത്ത് കർഫ്യൂ പോലും കണക്കിലെടുക്കാതെ ആളുകൾ കൊട്ടും പാട്ടുമായി കൂട്ടമായി തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളൊക്കെ കാറ്റിൽ പറത്തി ആൾക്കൂട്ടം ആഘോഷിക്കുന്ന നിരവധി വീഡിയോകൾ പുറത്ത് വന്നിട്ടുളളത്. വലിയ വിമർശനമാണ് ഇത്തരം നീക്കങ്ങൾക്കെതിരെ ഉയർന്നിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അസംബന്ധങ്ങളൊന്നും ആരും ഇപ്പോൾ പറയുന്നില്ല

അസംബന്ധങ്ങളൊന്നും ആരും ഇപ്പോൾ പറയുന്നില്ല

'' കുറച്ചു വൈകിയാണെങ്കിലും കൊറോണ പകർച്ചാവ്യാധിയുടെ ആപത്ത് ഉൾക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യു കക്ഷിഭേദമന്യേ മുഴുവൻ ജനങ്ങളും സംസ്ഥാന സർക്കാരുകളും പിന്തുണച്ചു. ഗോമൂത്രംകൊണ്ടും ചൂടുകൊണ്ടുമെല്ലാം ഈ പകർച്ചാവ്യാധിയെ പ്രതിരോധിക്കാമെന്നുള്ള അസംബന്ധങ്ങളൊന്നും ആരും ഇപ്പോൾ പറയുന്നില്ല. 12 മണിക്കൂർ അൽപ്പായുസായ വൈറസിനെ ഒറ്റദിവസത്തെ കർഫ്യൂ കൊണ്ട് പ്രതിരോധിക്കാമെന്നതും, കൈകൊട്ടലിന്റെ ജ്യോതിഷത്തെക്കുറിച്ചുള്ള വാചകമടികളും കേന്ദ്ര ആരോഗ്യമന്ത്രിക്കു തന്നെ തള്ളിക്കളയേണ്ടിവന്നു.

സംഘം ചേർന്ന് ആഹ്ലാദ പ്രകടനം

സംഘം ചേർന്ന് ആഹ്ലാദ പ്രകടനം

അതുകൊണ്ട് ഏറ്റവും വലിയ ബോധവൽക്കരണ പരിപാടിയായി ജനതാ കർഫ്യു മാറി. പക്ഷെ, ഇന്നത്തെ ജനതാ കർഫ്യു കഴിഞ്ഞ് പലേടത്തും കണ്ട കാഴ്ചകൾ നിരാശാജനകമാണെന്ന് തുറന്നു പറയാതെ വയ്യ. പാട്ടയും പാത്രങ്ങളും കൊട്ടി ജനങ്ങൾ തെരഞ്ഞെടുപ്പു വിജയം ആഘോഷിക്കുന്ന മൂഡിൽ റോഡിൽ സംഘം ചേർന്ന് ആഹ്ലാദ പ്രകടനം നടത്തുന്നു. ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനു പകരം തങ്ങളുടെ കർഫ്യുവിന്റെ വിജയാഹ്ലാദ പ്രകടനമാണ് ചിലർ നടത്താൻ തുനിഞ്ഞത്.

രോഗബാധ ആരംഭിച്ചിട്ടേയുള്ളൂ

രോഗബാധ ആരംഭിച്ചിട്ടേയുള്ളൂ

പല സംസ്ഥാനങ്ങളിലും രോഗബാധ ആരംഭിച്ചിട്ടേയുള്ളൂ. ആദ്യത്തെ സൂചനകൾ മനസിലാക്കി ഉണർന്നു പ്രവർത്തിച്ചതുകൊണ്ടാണ് രോഗം പകരുന്നതിന്റെ വേഗത കുറയ്ക്കാൻ കേരളത്തിനു കഴിഞ്ഞത്. എന്നാൽ, മുന്നറിയിപ്പുകൾ വകവെയ്ക്കാതെ, ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ലാഘവത്തോടെ കണ്ട ജില്ലകളിൽ സ്ഥിതി മാറുകയാണ്. അതു മനസിലാക്കിയാണ് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കടുപ്പിച്ചു പറഞ്ഞത്.

പഴുതില്ലാത്ത പ്രതിരോധനിര

പഴുതില്ലാത്ത പ്രതിരോധനിര

ഈ പ്രതികൂല സാഹചര്യത്തിലും പഴുതില്ലാത്ത പ്രതിരോധനിരയാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകർ ഉയർത്തുന്നത്. 6000ത്തോളം ഡോക്ടർമാരും 9000 നേഴ്സുമാരും അടക്കം ഏതാണ്ട് 30000 ആരോഗ്യ ജീവനക്കാരാണ് കേരളത്തിലുള്ളത്. ആശാവർക്കർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ ആരോഗ്യ വോളന്റിയമാർ, പാലിയേറ്റീവ് പ്രവർത്തകർ എന്നിവരുടെ എണ്ണം ഇതിന്റെ ഇരട്ടിവരും. ഇവരുടെ ആത്മാർപ്പണത്തോടെയുള്ള ആതുരസേവനം ലോകം ഇന്ന് വിസ്മയത്തോടെയാണ് കാണുന്നത്.

അതീവഗുരുതരമായ അവസ്ഥ ഒരുഘട്ടത്തിൽ

അതീവഗുരുതരമായ അവസ്ഥ ഒരുഘട്ടത്തിൽ

റാന്നിയിലെ ഇറ്റലിക്കാരുടെ 90 കഴിഞ്ഞ അപ്പന്റെയും അമ്മയുടെയും അനുഭവം ഇന്ന് ഇറ്റലി പോലുള്ള രാജ്യങ്ങളുമായി ഒന്നു താരതമ്യപ്പെടുത്തിയാൽ മതി. ഇവരുടെ സുരക്ഷ കരുതി പത്തനംതിട്ടയിലെ ഐസൊലേഷൻ വാർഡിലേയ്ക്കൊന്നുമല്ല, കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കാണ് അവരെ മാറ്റിയത്. ഇരുവരും കൊറോണ പോസിറ്റീവായിരുന്നു. അപ്പന്റെ ഹൃദയസംബന്ധമായ രോഗങ്ങളെല്ലാംകൂടി ചേർന്നപ്പോൾ അതീവഗുരുതരമായ അവസ്ഥ ഒരുഘട്ടത്തിൽ എത്തിച്ചേർന്നു.

കേരളത്തിൽ തുടരാൻ അനുവദിക്കുമോ

കേരളത്തിൽ തുടരാൻ അനുവദിക്കുമോ

അദ്ദേഹത്തെ ട്രാൻസ്പ്ലാന്റേഷൻ തിയേറ്ററിലെ ഐസിയു ഐസൊലേഷനിലാണ് അഡ്മിറ്റ് ചെയ്തത്. ഫിസിയോതെറാപ്പി, പ്രത്യേക ഡയറ്റ്, കൗൺസിലിംഗ് എല്ലാം നൽകി മരണത്തിന്റെ വക്കിൽ നിന്നും രക്ഷിച്ചെടുത്തു. ഇറ്റലിയിലാവട്ടെ, പ്രായം കുറഞ്ഞവരെ രക്ഷപ്പെടുത്താനുള്ള തിരക്കിൽ പ്രായം ചെന്നവർക്ക് പലയിടത്തും ചികിത്സ പോലും നിഷേധിക്കുകയാണ്. ആലപ്പുഴയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അമേരിക്കക്കാരി പോസിറ്റീവ് ഇല്ലായെന്നു തെളിഞ്ഞപ്പോൾ കളക്ടറോടു നടത്തിയ അഭ്യർത്ഥന അമേരിക്കയിലെ രോഗമൊക്കെ തീരുന്നതുവരെ കേരളത്തിൽ തുടരാൻ അനുവദിക്കുമോ എന്നാണ്.

അതീവഗൗരവമായ ദിവസങ്ങൾ

അതീവഗൗരവമായ ദിവസങ്ങൾ

അവർക്ക് താമസം ഏർപ്പാടാക്കിയത് ഐസൊലേഷൻ വാർഡാക്കി രൂപാന്തരപ്പെടുത്തിയ കെടിഡിസി ഹോട്ടലിലായിരുന്നു. പാട്ട കൊട്ടാൻ പോയില്ലെങ്കിലും മലയാളി സമൂഹം ആരോഗ്യപ്രവർത്തകർക്ക് ഇന്ന് മനസ്സാ ആദരവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതീവഗൗരവമായ ദിവസങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ഡോ. പത്മനാഭ ഷേണായിയുടെ കണക്കുകൾ ഇന്നൊരു ചാനൽ ചർച്ചയിൽ അവതരിപ്പിച്ചത് ആരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.

നാം കരുതുന്നതിനേക്കാൾ വേഗതയിൽ

നാം കരുതുന്നതിനേക്കാൾ വേഗതയിൽ

ഞാൻ എത്തിച്ചേർന്ന നിഗമനങ്ങൾ ഇവയാണ്. ഒന്ന്, ലക്ഷണങ്ങളോടെ പോസിറ്റീവായി ടെസ്റ്റിൽ സ്ഥിരീകരണം ലഭിക്കുന്നതിന്റെ ഇരട്ടിവരും യഥാർത്ഥ കൊറോണ ബാധിതരുടെ എണ്ണം എന്നാണ് വുഹാനിലെ ചൈനീസ് ഡോക്ടർമാർ പറയുന്നത്. രണ്ട്, അതുകൊണ്ട് രോഗികളുടെ എണ്ണത്തിന്റെ കർവിന്റെ ഉയർച്ച നാം കരുതുന്നതിനേക്കാൾ വേഗതയിലാണ്. മൂന്ന്, രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ഭാവിവർദ്ധനയെ കണക്കാക്കുന്നതിനുള്ള വിശദമായ മാത്തമാറ്റിക്കൽ മോഡൽ വച്ചു നോക്കുമ്പോൾ അടുത്ത 10 ദിവസത്തിനുള്ളിൽ കർവിനെ താഴത്തേയ്ക്ക് അടിച്ചിരുത്താൻ ആകുന്നില്ലെങ്കിൽ കേരളം അടച്ചുപൂട്ടലിലേയ്ക്ക് പോകേണ്ടിവരും.

ജനങ്ങൾ അനുസരിച്ചേ മതിയാകൂ

ജനങ്ങൾ അനുസരിച്ചേ മതിയാകൂ

ക്ലസ്റ്ററുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് അപകടസൂചനയാണ്. എല്ലായിടത്തും സാമൂഹ്യ അകലം പാലിക്കൽ കൂടുതൽ കർശനമാക്കണം. കാസർഗോഡെങ്കിലും നിയന്ത്രണത്തിൽ നിന്ന് അടച്ചുപൂട്ടലിലേയ്ക്ക് അടിയന്തിരമായി നീങ്ങേണ്ടിവരും. ചിട്ടയായും പരിഭ്രാന്തി സൃഷ്ടിക്കാതെയും മുൻകരുതലുകളോടെയും വേണ്ടിവന്നാൽ അടച്ചുപൂട്ടലിന് കേരളം തയ്യാറാകേണ്ടി വരും. സർക്കാർ നിർദ്ദേശങ്ങൾ ജനങ്ങൾ അനുസരിച്ചേ മതിയാകൂ.

അതിജീവിക്കാൻ കഴിയും

അതിജീവിക്കാൻ കഴിയും

ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ പിന്തുടരുക. വ്യക്തികളുടെ രക്ഷ മാത്രമല്ല, ലോകത്തിന്റെ രക്ഷ തന്നെ നാമോരോരുത്തരുടെയും കൈയിലാണ്. ശാരീരികമായ അകലം പാലിച്ചുകൊണ്ട് സാമൂഹ്യമായ ഒരുമ നിലനിർത്തി കോവിഡിനെ അതിജീവിക്കാൻ കഴിയുമെന്നാണ് കേരള സർക്കാർ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. നമ്മുടെ ആരോഗ്യപ്രവർത്തകരുടെ കഴിവിലും കർമ്മശേഷിയിലുമുള്ള വിശ്വാസവും ജനകീയ പിന്തുണാ സംവിധാനങ്ങളോടെ കഴിവുമാണ് ഇതിനു കാരണം''.

English summary
Dr. TM Thomas Isaac abaout Janata Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X