പൗരത്വ ഭേദഗതി നിയമത്തിന്റെ കെടുതികൾ മുസ്ലീംകളെ മാത്രമല്ല ബാധിക്കുന്നത്, തുറന്നടിച്ച് ധനമന്ത്രി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. വർഗീയാടിസ്ഥാനത്തിൽ അല്ല ചെറുത്ത് നിൽപ്പ് സംഘടിപ്പിക്കേണ്ടത് എന്നാണ് തോമസ് ഐസക് വ്യക്തമാക്കിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ കെടുതികൾ മുസ്ലീംകളെ മാത്രമല്ല ബാധിക്കുന്നതെന്നും ഐസക് പറയുന്നു. അമിത് ഷായുടെ കൽപനയനുസരിച്ച് പൗരത്വം തെളിയിക്കാൻ ക്യൂ നിൽക്കേണ്ടവരല്ല ഇന്ത്യാക്കാരെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അവരെല്ലാം ഇന്ന് തടങ്കൽ പാളയത്തിൽ
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളിൽ മുസ്ലിം വിവേചനം പ്രകടമാണെങ്കിലും അതിന്റെ കെടുതികൾ മുസ്ലിങ്ങളെ മാത്രമല്ല ബാധിക്കുന്നത്. ആസാം തന്നെയാണ് ഉദാഹരണം. പത്തൊമ്പതു ലക്ഷം പേരാണ് അവിടെ പൗരത്വപ്പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. അതിൽ മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ്. അവരെല്ലാം ഇന്ന് തടങ്കൽ പാളയത്തിലും.

ഹർത്താലിൽ നിന്ന് അവർ പിന്മാറണം
എല്ലാവരെയും ബാധിക്കുന്ന കാര്യത്തിൽ വർഗീയാടിസ്ഥാനത്തിലല്ല ചെറുത്തു നിൽപ്പ് സംഘടിപ്പിക്കേണ്ടത്. അത്തരം നീക്കങ്ങൾ ഒരുമിച്ചു നിൽക്കേണ്ടവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയേ ചെയ്യൂ. ബിജെപിയ്ക്കും അതാണ് ആവശ്യം. അതിനാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ പ്രത്യേകമായി ആഹ്വാനം ചെയ്ത ഹർത്താലിൽ നിന്ന് അവർ പിന്മാറണം. ഇക്കാര്യത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ അന്തസത്ത ഉൾക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

ക്യൂ നിൽക്കേണ്ടവരല്ല ഇന്ത്യാക്കാർ
പുതിയ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ 125 കോടി ഇന്ത്യാക്കാരും തങ്ങളുടെ പൌരത്വം അമിത്ഷായ്ക്കു മുമ്പിൽ തെളിയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. ഇന്ത്യാക്കാരോട് അങ്ങനെ ആവശ്യപ്പെടാൻ അമിത് ഷായ്ക്കോ ബിജെപിയ്ക്കോ സംഘപരിവാറിനോ യാതൊരു അവകാശവുമില്ല. അമിത് ഷായുടെ കൽപനയനുസരിച്ച് പൌരത്വം തെളിയിക്കാൻ ക്യൂ നിൽക്കേണ്ടവരല്ല ഇന്ത്യാക്കാർ. അത്തരം ആജ്ഞകൾ പാലിക്കാൻ മനസില്ലെന്ന് ആത്മാഭിമാനമുള്ള ഓരോ ഇന്ത്യാക്കാരനും ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കേണ്ട ഘട്ടമാണിത്.

ആത്മഹത്യാപരം
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും നടപടിയെടുക്കാനും ആവശ്യമായ നിയമങ്ങൾ ഇപ്പോൾത്തന്നെ രാജ്യത്തുണ്ട്. അതിനുസരിച്ചുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തേണ്ട കാര്യമേയുള്ളൂ. അപ്പോൾപ്പിന്നെ രാജ്യത്തു മുഴുവൻ പുതിയ പൗരത്വ രജിസ്റ്റർ ഉണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിനു കാരണം വ്യക്തമാണ്. രാജ്യവ്യാപകമായി വർഗീയ ചേരിതിരിവ് ശക്തിപ്പെടുത്തുക. അക്കാര്യം പകൽപോലെ വ്യക്തമായിരിക്കെ, ആ നീച ലക്ഷ്യത്തിന് സഹായകരമാകും വിധം പ്രവർത്തിക്കുന്നത് ആത്മഹത്യാപരമാണ്.
Recommended Video

ഒറ്റക്കെട്ടായി അണിനിരക്കണം
രാജ്യത്തിനാകെ മാതൃകയാകുന്ന ചെറുത്തുനിൽപ്പും പ്രതിഷേധവുമാണ് കേരളത്തിൽ രൂപം കൊള്ളുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിലാണ് ഇന്ന് കേരളം ഒറ്റക്കെട്ടായി പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംയുക്ത സത്യഗ്രഹം നടത്തുന്നത്. കേരള ജനതയുടെ മഹാഭൂരിപക്ഷവും ഈ സമരത്തിൽ ഒറ്റക്കെട്ടായി അണി ചേരുന്നു. അതിവിശാലമായ ഈ ജനകീയ ഐക്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. മോദിയുടെയും അമിത് ഷായുടെയും വിധ്വംസക രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.''












Click it and Unblock the Notifications