2200 കോടിയുടെ തട്ടിപ്പ്: ദുബായിലെ ഹോട്ടല്‍ ഉടമ ഹരിയാനയില്‍ പിടിയില്‍; പങ്കാളികള്‍ക്കായും അന്വേഷണം
950 ദിർഹത്തിന്റെ തട്ടിപ്പ് നടത്തിയ യുഎഇ ബിസിനസുകാരനായ പ്രതി ഹരിയാനയില്‍ പിടിയില്‍. വ്യാജ ക്രിപ്റ്റോകറൻസി നിക്ഷേപ പദ്ധതിയായ എച്ച് പി ഇസഡ് ടോക്കൺ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ദുബായിലെ ഹോട്ടല്‍ ഉടമയായ ഇദ്ദേഹത്തെ പിടികൂടിയത്. ഇന്ത്യന്‍ രൂപയില്‍ ഏകദേശ് 2200 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ദുബായ് മറീനയിൽ ഒരു ഫോർ-സ്റ്റാർ ഹോട്ടലിന്റെ ഉടമയായിരുന്നു ഇദ്ദേഹമാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അസാധാരണമായ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഇന്ത്യക്കാരെ കബളിപ്പിച്ച വ്യാജ ക്രിപ്റ്റോകറൻസി പദ്ധതിയായിരുന്നു എച്ച് പി ഇസഡ്. ഈ ടത്തിപ്പിലൂടെ പ്രതി 2200 കോടി രൂപയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) കണ്ടെത്തിയിട്ടുണ്ട്. പ്രതി,തന്റെ ദുബായ് ബിസിനസുകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് പേയ്മെന്റ് ഗേറ്റ്വേകൾ വഴി അനധികൃത പണം കടത്തുകയും, അത് ക്രിപ്റ്റോകറൻസിയാക്കി മാറ്റി ചൈനീസ് ഹാൻഡ്‌ലർമാർക്ക് 30% കമ്മീഷൻ എടുത്ത ശേഷം കൈമാറുകയും ചെയ്തുവെന്നാണ് ആരോപണം.

2022-ൽ ഇഡി എച്ച് പി ഇസഡ് ടോക്കൺ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി ദുബായിലേക്ക് മുങ്ങുകയായിരുന്നു. എന്നാൽ, 2025-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇയാള്‍ക്കെതിരായ ലുക്ഔട്ട് സർക്കുലർ റദ്ദാക്കി. അന്വേഷണവുമായി സഹകരിക്കാൻ ഉത്തരവിട്ടതിനെ തുടർന്ന് മൂന്ന് ആഴ്ച മുമ്പ് പ്രതി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.
ഡൽഹിയിലെ രോഹിണി സെക്ടർ 11-ൽ വച്ചാണ് അറസ്റ്റ് നടന്നതെന്ന് ഫരീദാബാദ് പോലീസിന്റെ പിആർഒ യശ്പാൽ യാദവ് വ്യക്തമാക്കി. "തട്ടിപ്പിന്റെ പണം ലഭിച്ച ഒരു വ്യാജ ബാങ്ക് അക്കൗണ്ട് വഴി ഞങ്ങൾ പ്രതിയെ കണ്ടെത്തുകയായിരുന്നു," യശ്പാൽ യാദവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു മൊബൈൽ ആപ്പ് വഴി നിക്ഷേപകരെ ആകർഷിച്ചായിരുന്നു തട്ടിപ്പ്.. സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച വ്യാജ സ്റ്റോക്ക് മാർക്കറ്റ്, ക്രിപ്റ്റോ-മൈനിംഗ് പദ്ധതികളിൽ നിക്ഷേപിക്കാൻ ആളുകളെ സംഘം പ്രേരിപ്പിച്ചു. ആദ്യഘട്ടത്തിൽ ചെറിയ ലാഭങ്ങൾ കാണിച്ച് വിശ്വാസം നേടിയ ശേഷം, വലിയ തുകകൾ നിക്ഷേപിച്ചപ്പോള്‍ പണം തട്ടിയെടുക്കുകയായിരുന്നു. 2024 ജനുവരിയിൽ ഫരീദാബാദ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയർ 20 കോടി രൂപ 11 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതിനെ തുടർന്നാണ് ഈ കേസ് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രതിയുടെ ദുബായിലെ പാട്ണറേയും മൂന്ന് മറ്റ് സഹായികളേയും കണ്ടെത്താനുള്ള അന്വേഷണവും ഇപ്പോഴും തുടരുകയാണ്. "പ്രതിയുടെ പങ്കാളിക്കെതിരെ ലുക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്," യശ്പാല്‍ യാദവ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് 497 കോടി രൂപയുടെ ആസ്തികള്‍ ഇതുവരെയായി ഇഡി മരവിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications