വിമാനത്തിലും ഐസിസ് പ്രസംഗം; ദുബായ്-കോഴിക്കോട് വിമാനം അടിയന്തിരമായി മുംബൈയിലിറക്കി!
മുംബൈ: വിമാനത്തില്‍ ഐസിസിനെ കുറിച്ച് പ്രസംഗം. ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച വിമാനത്തിലായിരുന്നു യാത്രക്കാരന്റെ ഐസിസ് പ്രസംഗം. തുടര്‍ന്ന് ഇന്റിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി.
മനോരമ ന്യൂസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഐസിസ് അനുഭാവിയാണെന്ന് സംശയിക്കുന്നയാളെ യാത്രക്കാര്‍ കീഴ്‌പ്പെടുത്തി. മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരനെ ചോദ്യം ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് യാത്രക്കാരനെ ചോദ്യം ചെയ്തത്. പിന്നീട് ഇയാളെ മുംബൈ സാഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്തയാള്‍ മലയാളിയാണോ എന്ന കാര്യം വ്യക്തമല്ല. രാവിലെ 4.25ന് ദുബായില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഐസിസിനെക്കുറിച്ച് പ്രസംഗിക്കാന്‍ ആരംഭിച്ചത്. ഐസിസിനെ കുറിച്ചും ഇസ്ലാമിക പഠനങ്ങളെക്കുറിച്ചുമാണ് ഇയാള്‍ സംസാരിച്ചത്. 9.15 ഓടെയാണ് വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കിയത്. 9.50ന് കോഴിക്കോട് എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്.












Click it and Unblock the Notifications