ജീവനെടുത്ത് താരാരാധന! വിജയ് ആരാധകനെ രജനി ആരാധകൻ കൊന്നു! കാരണം അമ്പരപ്പിക്കുന്നത്!
ചെന്നൈ: തമിഴ്നാട്ടില്‍ മാത്രമല്ല സംസ്ഥാനത്ത് പുറത്തും കടുത്ത ആരാധകവൃന്ദമുളള താരങ്ങളാണ് വിജയും രജനീകാന്തും. താരങ്ങളെ അതിവൈകാരിമായി സ്നേഹിക്കുന്നത് തമിഴ്നാട്ടിലെ സിനിമാ പ്രേമികളുടെ പതിവാണ്. പലപ്പോഴും ഈ അമിതമായ താരാരാധന തര്‍ക്കങ്ങളിലേക്കും ഏറ്റുമുട്ടലുകളിലേക്കും അടക്കം നീങ്ങാറുണ്ട്.
കൊവിഡ് ലോക്ക്ഡൗണിനിടെ തമിഴ്നാട്ടില്‍ അത്തരമൊരു ഏറ്റുമുട്ടൽ ഞെട്ടിക്കുന്ന കൊലപാതകത്തിലേക്ക് നയിച്ചിരിക്കുകയാണ്. സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ പണത്തെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിശദാംശങ്ങൾ ഇങ്ങനെ...

ഞെട്ടിക്കുന്ന കൊലപാതകം
രജനീകാന്ത് ആരാധകനാണ് വിജയ് ആരാധകനായ യുവാവിനെ കൊലപ്പെടുത്തിയത്. 22 വയസ്സുളള യുവരാജ് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍ക്കാരനും സുഹൃത്തും കടുത്ത രജനീകാന്ത് ആരാധകനുമായ ദിനേശ് ബാബു എന്ന 22കാരനാണ് പ്രതി. ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാരക്കാണത്താണ് സംഭവം. കൊവിഡ് ദുരിതാശ്വാസത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയത് വിജയ് ആണെന്ന് യുവരാജ് വാദിച്ചു. ഇതാണ് ദിനേശ് ബാബുവിനെ പ്രകോപിപ്പിച്ചത്.

തല്‍ക്ഷണം മരണം
തുടര്‍ന്ന് ഇരുവരും തമ്മില്‍ കലശലായ വാക്കേറ്റമുണ്ടായി. അതിനിടെ അപ്രതീക്ഷിതമായി യുവരാജിനെ ദിനേശ് ബാബു കടന്നാക്രമിക്കുകയായിരുന്നു. യുവരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ തല്‍ക്ഷണം മരണപ്പെട്ടു. യുവരാജിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുതുച്ചേരി കാലാപേട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പ്രതി ദിനേശ് ബാബു പോലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

വൻ തുക സംഭാവന
കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിജയും രജനീകാന്തും വന്‍ തുകകള്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദുരിതത്തിലായ സിനിമയിലെ ദിവസ വേതനക്കാരെ സഹായിക്കുന്നതിന് വേണ്ടി 50 ലക്ഷം രൂപയാണ് ദക്ഷിണേന്ത്യയിലെ ഫിലിം എംപ്ലോയീസ് ഫെഡറേഷന് രജനീകാന്ത് സംഭാവന ചെയ്തത്.

സിനിമയിലെ ദുരിത ബാധിതർക്ക്
ഇത് കൂടാതെ തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ ആയിരം പേര്‍ക്ക് പലചരക്ക് സാധനങ്ങള്‍ എത്തിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. രജനീകാന്ത് ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇളയദളപതി വിജയ് ഒരു കോടിയില്‍ അധികം രൂപയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന ചെയ്തത്.

ഒരു കോടിയിലധികം സംഭാവന
1.30 കോടി രൂപയാണ് വിജയുടെ സംഭാവന. ഇതില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടായ പിഎം കെയേര്‍സിലേക്ക് 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും നല്കി. മാത്രമല്ല കേരളത്തെയും വിജയ് കൈ വിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം ആണ് വിജയുടെ സംഭാവന. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തില്‍ എടുത്ത് പറയുകയുണ്ടായി.

മറ്റ് സംസ്ഥാനങ്ങൾക്കും
കൂടാതെ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കുന്നതിനായി ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയ്ക്ക് 25 ലക്ഷം രൂപയും വിജയ് നല്കി. തീര്‍ന്നില്ല, 5 ലക്ഷം രൂപ വീതം കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കും വിജയ് സംഭാവന നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിജയ് ഫാന്‍സ് അസോസിയേഷനുകളും സജീവമാണ്.